ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേയ്ക്ക് മാറ്റിയതിന് പിന്നില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അനുയായിയായ മുസ്ലീം പുരോഹിതനെന്ന് റിപ്പോര്‍ട്ട്. പതിമൂന്ന് വയസ്സുകാരിയായ കവിതാ കുമാരി എന്ന പെണ്‍കുട്ടിയെയാണ് ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മിയാന്‍ മിതൂവെന്ന പുരോഹിതന് ഇസ്ലാമിലേക്ക് മതം മാറ്റിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ദുരവസ്ഥകള്‍ തുടര്ക്കഥായാകുന്നതിനിടെയാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പുതിയ സംഭവം.
തീവ്ര ഇസ്ലാം ചിന്താഗതിക്കാരനായ മിയാന്‍ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന്റെ വീഡിയോ പാക് മനുഷ്യാവകാശ പ്രവര്‍ത്തകനായ റാഹത്ത് ഓസ്റ്റിന്‍ ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പാക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഇടപെടലിനെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യപ്പെടുകയായിരുന്നു.
ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രവീണ, റീന എന്നീ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെയും മിയാനും സംഘവും തട്ടിക്കൊണ്ടു പോയി മതം മാറ്റിയിരുന്നു. ‘മിതൂ മാഫിയ’ എന്ന പേരില്‍ സിന്ധില്‍ കുപ്രസിദ്ധമായ മതപരിവര്‍ത്തന സംഘത്തിന് നേതൃത്വം നല്കുന്ന മിയാന്‍ മിതൂവിന്റെ ലക്ഷ്യം പ്രധാനമായും പ്രവിശ്യയിലെ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു-സിഖ് പെണ്‍കുട്ടികളാണ്.
സിന്ധ് പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഹിന്ദു വിരുദ്ധ കലാപത്തിനിടെ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും കൂട്ടക്കൊലകളും മതം മാറ്റങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് മിയാന്‍ മിതൂ എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഹഖും സംഘവുമായിരുന്നു എന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയും പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായുമുള്ള ഇയാളുടെ അടുപ്പവും കുറ്റകൃത്യങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കും പ്രോത്സാഹനമാകുകയാണെന്നും പാക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
നന്ദലാല്‍ എന്ന അധ്യാപകന്റെ മകളായ റിങ്കിള് കുമാരി എന്ന പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ നവീദ് ഷാ എന്നയാള്‍ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതിന് പിന്നിലും മിതൂ മാഫിയ ആയിരുന്നു. ഇവര്‍ക്കെതിരെ പരാതി നല്കിയ നന്ദലാലിനും കുടുംബത്തിനും പിന്നീട് സിന്ധില്‍ നിന്ന് ലാഹോറിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: