കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും ജില്ലയില്‍ കൊറോണ വൈറസ് ബാധിതരില്ല.
കൊറോണ സംശയത്തെ തുടര്‍ന്ന് പുതിയതായി ഇന്നലെ 13 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആറു പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഏഴു പേരെ സ്വകാര്യ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 17 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ഒരാളും സ്വകാര്യ ആശുപത്രികളില്‍ 15 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളായ ഗവണ്മെന്റ് ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ, കളമശേരി രാജഗിരി കോളേജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റല്‍, പാലിശേരി എസ്സിഎംഎസ് ഹോസ്റ്റല്‍, മുട്ടം എസ്സി എംഎസ് ഹോസ്റ്റല്‍, കളമശേരി ജ്യോതിര്‍ ഭവന്, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ്, ആശീര്‍ഭവന്‍ കച്ചേരിപ്പടി, റിട്രീറ്റ് സെന്റര്‍ ചിറ്റൂര്‍, ആഷിയാന തൃക്കാക്കര, രാജഗജിരി വിശ്വജ്യോതി സ്കൂള്‍ വേങ്ങൂര്‍, നുവാല്‍സ് കളമശേരി എന്നിവിടങ്ങളിലായി 497 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇന്നലെ ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 116 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 91 ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.
735 ഫോണ്‍ വിളികള്‍ ആണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 225 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. പാസിന്റെ ലഭ്യത, ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങള്‍, കൊറോണ കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ അറിയുന്നതിനും, കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളെ കുറിച്ചും, നിരീക്ഷണത്തെ കുറിച്ച് അറിയുന്നതിനുമായിരുന്നു കൂടുതല്‍ വിളികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: