മുംബൈ: തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് അദ്ദേഹമെന്നും ഇന്ത്യയുടെ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവില്‍ ചാരു ശര്‍മ, വിവേക് ആത്രേ എന്നിവരുമായി സംസാരിക്കുകയായിരുന്നു ചാപ്പല്‍.
ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടപ്പോള്‍ താന്‍ ശരിക്കും അമ്പരന്നു പോയിട്ടുണ്ടെന്നു ചാപ്പല്‍ വെളിപ്പെടുത്തി. ആ സമയത്ത് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയേകിയ താരങ്ങളിലൊരാളായിരുന്നു ധോണി. വളരെ അസാധാരണമായ പൊസിഷനുകളില്‍ നിലയുറപ്പിച്ച് ധോണി ഷോട്ട് കളിക്കുന്നത് കണ്ടപ്പോള്‍ ഇതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ ബാറ്റ്സ്മാന്‍ ധോണിയാണെന്നും ചാപ്പല്‍ വിശദമാക്കി.
2005ല്‍ ജയ്പൂരില്‍ നടന്ന ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയ 183 റണ്‍സെന്ന മാച്ച് വിന്നിങ് ഇന്നിങ്സ് മറക്കാന്‍ സാധിക്കില്ലെന്നും ചാപ്പല്‍ പറഞ്ഞു. ലങ്കയെ അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തുകയായിരുന്നു ധോണി. ധോണിയുടെ പവര്‍ ഹിറ്റിങ് അത്രയും ബെസ്റ്റായിരുന്നു. പരമ്പരയിലെ അടുത്ത മല്‍സരം പൂനെയിലായിരുന്നു. ഈ കളിക്കു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കാന്‍ താന്‍ ധോണിയോടു പറഞ്ഞതായി ചാപ്പല്‍ വ്യക്തമാക്കി.
പൂനെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആണ് ഇന്ത്യയുടെ വിജയലക്ഷ്യം. മല്‍സരത്തില്‍ ഇന്ത്യ ജയിക്കാനുള്ള മികച്ച പൊസിഷനിലുമായിരുന്നു. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്സാണ് ധോണി ഈ മല്‍സരത്തില്‍ കളിച്ചു കൊണ്ടിരുന്നത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണം. 12-ാമനായ ആര്‍പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോണി ചോദിച്ചത് സിക്സറുകള്‍ അടിക്കട്ടെയെന്നായിരുന്നു. എന്നാല്‍ പാടില്ലെന്നും ലക്ഷ്യം ഒറ്റയക്ക സ്‌കോറിലെത്തുന്നതു വരെ കാത്തിരിക്കാനും താന്‍ പറഞ്ഞു.
ഇന്ത്യക്കു ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സിക്സറിലൂടെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തതായി ചാപ്പല്‍ വ്യക്തമാക്കി. നിനക്ക് മല്‍സരം ഫിനിഷ് ചെയ്യാമോയെന്ന് ധോണിയെ ഇടയ്‌ക്കു വെല്ലുവിളിക്കാറുണ്ടായിരുന്നു. വിജയറണ്‍സ് നേടിക്കഴിഞ്ഞാല്‍ ധോണിയുടെ മുഖത്ത് വലിയൊരു ചിരി കാണാമായിരുന്നെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: