മാഡ്രിഡ്: സ്പെയിനില്‍ പതിനായിരക്കണക്കിന് പേരുടെ മരണത്തിനിടെയാക്കിയ കൊറോണ വൈറസിനെ മുട്ടുകുത്തിച്ച് സ്പാനിഷ് മുത്തശ്ശി. 113 കാരിയായ സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വനിതയായ മരിയാ ബ്രാന്യാസ് ആണ് കൊവിഡ് 19നെ തോല്‍പ്പിച്ചിരിക്കുന്നത്. ഇതോടെ കൊറോണയെ തോല്‍പ്പിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരിക്കുകയാണ് മരിയ.
കഴിഞ്ഞ 20 വര്‍ഷമായി മരിയ സ്പെയിനിലെ കിഴക്കന്‍ നഗരമായ ഒലോട്ടിലെ സാന്റാ മരിയ ഡെല്‍ റ്റുറാ എന്ന കെയര്‍ ഹോമിലാണ് ജീവിക്കുന്നത്. ഇവിടുത്ത മുതിര്‍ന്ന നിരവധി അന്തേവാസികള്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.
ഏപ്രിലില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മരിയ തന്റെ മുറിയില്‍ തന്നെ ഐസൊലേഷനില്‍ തുടരുകയായിരുന്നു. മരിയയ്ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. രോഗം ഭേദമായ മരിയ സുഖമായി ഇരിക്കുന്നുവെന്ന് കെയര്‍ഹോം അധികൃതര്‍ പറഞ്ഞു. നടത്തിയ പരിശോധനകളെല്ലാം നെഗറ്റീവായിട്ടുണ്ട്.
1907 മാര്‍ച്ച് 4ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് മരിയയുടെ ജനനം. വടക്കന്‍ സ്പെയിന് സ്വദേശിയായിരുന്ന മരിയയുടെ അച്ഛന് ഒരു മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു. ഒന്നാം ലോകമഹായുദ്ധക്കാലത്താണ് മരിയയുടെ കുടുംബം സ്പെയിനിലെത്തിയത്. മരിയയ്ക്ക് മൂന്ന് മക്കളും 11 ചെറുമക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: