Categories: India

പൊലീസ് സേനാ ക്യാന്റീനുകളിലും സ്റ്റോറുകളിലും സ്വദേശി ഉല്‍പ്പന്നങ്ങളുടെ മാത്രം വില്പന :രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനെന്ന് അമിത്ഷാ

ഓരോ പൗരനും പ്രതിജ്ഞ ചെയ്താല്‍ അഞ്ചു വര്‍ഷത്തിനകം രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും.

Published by

ന്യൂദല്‍ഹി: രാജ്യത്തെ കേന്ദ്ര സായുധ പൊലീസ് സേനാ ക്യാന്റീനുകളിലും സ്റ്റോറുകളിലും ഇനി മുതല്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കും. ജൂണ്‍ 1 മുതല്‍ ക്യാന്റീനുകളിലും സ്റ്റോറുകളിലും സ്വദേശി ഉല്‍പ്പന്നങ്ങളുടെ മാത്രം വില്‍പ്പന നടത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഭാവിയില്‍ ആഗോളതലത്തില്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റാനുള്ള നടപടിയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെന്ന് ആഭ്യന്തരമന്ത്രി  അമിത് ഷാ പറഞ്ഞു.

ക്യാന്റീനുകളിലും മറ്റും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കുന്നതിലൂടെ ഏകദേശം 2800 കോടിയുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തു ലക്ഷത്തോളം കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും.

എല്ലാവരും നമ്മുടെ നാട്ടില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊറോണ മഹാമാരിയുടെ പ്രതിസന്ധി ഘട്ടം അവസരമാക്കി നാം മാറ്റിയെടുക്കണം. സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ ചെയ്താല്‍ അഞ്ചു വര്‍ഷത്തിനകം രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ പ്രയത്നിക്കുന്ന പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തിപകരാന്‍ ജനങ്ങള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശീലമാക്കണമെന്നും  അമിത് ഷാ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Amith sha