കോഴിക്കോട്: കാലത്ത് 6 മണിക്ക് ആരംഭിച്ച് രാത്രി 9 മണി വരെ അശോകന് വിശ്രമമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് കോറന്റൈനില്‍ കഴിയുന്ന നഴ്സുമാരും ഡോക്ടര്‍മാരുമടക്കമുള്ള മറ്റു ജീവനക്കാര്‍ക്കും ഭക്ഷണം എത്തിക്കുന്നത് അശോകന്റെ ഓട്ടോറിക്ഷയിലാണ്. കഴിഞ്ഞ 45 ദിവസമായി യാതൊരുപരാതിക്കും ഇടം കൊടുക്കാതെ അശോകന് ഭക്ഷണം എത്തിക്കുന്നു. ഭക്ഷണത്തെകുറിച്ചുള്ള പരാതികളും, പൊതു അടുക്കള നിര്‍ത്തിയെന്നുമുള്ള വിവാദങ്ങളൊന്നും ശ്രദ്ധിക്കാന്‍ അശോകന് സമയമില്ല. തന്നെ കാത്തിരിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിന് സംതൃപ്തിയാണ് മെഡിക്കല്‍ കോളജിലെ ദിവസ വേതനക്കാരനായ അശോകന്റെ മുഖത്തുള്ളത്.
തുടക്കത്തില്‍ അധികം പേരുണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിയുന്തോറും കോറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. തന്റെ സ്വന്തം ഓട്ടോറിക്ഷയില്‍ സൗജന്യമായായിരുന്നു ഭക്ഷണം എത്തിച്ചിരുന്നത്. പിന്നീട് ഓടേണ്ട ദൂരവും സ്ഥലവും കൂടി വന്നപ്പോള്‍ ഇന്ധന ചെലവ് സ്വീകരിച്ചുകൊണ്ട് അശോകന് സേവനം തുടര്‍ന്നു; സ്വന്തം വണ്ടിയില്‍തന്നെ രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണം എത്തിക്കണം. ഇടയ്ക്ക് 10 മണിക്ക് ചായയും ബിസ്ക്കറ്റും എത്തിക്കണം. ഉച്ചഭക്ഷണം, വൈകീട്ടുള്ള ചായ, രാത്രി ഭക്ഷണം ഇങ്ങനെ കുറഞ്ഞത് 5 തവണയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിവിധ ഹോസ്റ്റലുകളിലും സിഎച്ച് അശോകന് സ്മാരക മന്ദിരം, ദേവഗിരി കോളജിലെ ചാവറ, ടാഗോര്‍ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണവുമായി എത്തണം. കോറന്റൈനില്‍ കഴിയുന്നവര്‍ക്ക് വ്യക്തിപരമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും അവര്‍ സഹായത്തിന് വിളിക്കുന്നത് അശോകനെയാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ട് അവരുടെ അടുപ്പക്കാരനായി മാറുകയായിരുന്നു അശോകന്.
നാലാം മെന്‍സ് ഹോസ്റ്റലലിലെ അടുക്കളയില്‍ ഭക്ഷണം തയ്യാറായി കഴിഞ്ഞാല്‍ പിന്നീട് ഊഴം അശോകന്റേതാണ്. യാതൊരു പരാതിക്കും ഇടം കൊടുക്കാതെ തന്റെ ജോലി തുടരുകയാണ് അശോകന്. സഹായിക്കാന്‍ കെ.സഹജന്, ഷിബു, സുന്ദരന്‍, കൃഷ്ണനുണ്ണി, സിന്ധു തുടങ്ങിയ ദിവസവേതനക്കാരുമുണ്ട്. ഭാര്യ ബിന്ദു ദന്തല്‍ കോളജിലെ ക്ലാര്‍ക്കാണ്. അവരെ ഓഫീസിലെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള ഉത്തരവാദിത്തവും അശോകനാണ്. പോളിയോ ബാധിച്ച് കാലും ഒരുകൈയ്യും തളര്‍ന്ന് പോയ ബിന്ദുവിന് അശോകന്റെ സഹായമില്ലാതെ ഓഫീസില്‍ എത്താനാകില്ല. ഭക്ഷണമെത്തിക്കുന്ന ജോലി മുഴുവന്‍ തീര്‍ത്തിട്ടുവേണം വീട്ടിലെ പാചകവും മറ്റു ജോലികളും അശോകന് ചെയ്ത് തീര്‍ക്കാന്‍. സഹായത്തിന് മക്കളായ കണ്ണൂര്‍ പോളിടെക്നിക്കില്‍ പഠിക്കുന്ന അനന്തുവും മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഐശ്വര്യയുമുണ്ട്. മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജ് ദന്താശുപത്രിയില്‍ ജോലിതുടര്ന്നിട്ടും ബിന്ദുവിനെ ഇതുവരെ ക്വാര്‍ട്ടേഴ്സ് ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ ദുരിതം അധികൃതര്‍ കാണുമെന്ന പ്രതീക്ഷയിലാണവര്‍. വടകര പുത്തൂര്‍ സ്വദേശിയായ അശോകന് കോവൂരില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. നേരത്തെ ടിപ്പറിലും, വളയനാട് ഗോകുലം ഇന്റര്‍നാഷണല്‍ സ്കൂളില്‍ ബസ് ഡ്രൈവറായും അശോകന് ജോലിയെടുത്തിട്ടുണ്ട്.
കോവിഡ് ദുരന്തകാലത്ത് അകന്ന് കഴിയുന്നതാണ് സുരക്ഷിതത്വമെങ്കിലും പരസ്പരം സഹായിച്ചും അടുപ്പും പുലര്ത്തിയുമല്ലാതെ ദുരന്തകാലത്തെ അതിജീവിക്കാനാകില്ലെന്ന പാഠമാണ് അശോകന് രാപകല്‍ പണിയെടുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നത്. പറയാനല്ല പ്രവര്‍ത്തിക്കുവാനാണ് അശോകന് താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: