പറവൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ കാലത്ത് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ നടത്തിയ സമൂഹ അടുക്കളയുടെ ആവശ്യത്തിലേക്ക് ഭരണകക്ഷിയായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനധികൃത പണപ്പിരിവു നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍മാനെ ഉപരോധിച്ചു.
നിരവധി വ്യക്തികളുടേയും സംഘടനകളുടേയും സഹായത്താല്‍ സമൂഹ അടുക്കളുടെ പ്രവര്‍ത്തനം സാമ്പത്തിക ബാധ്യതയില്ലാതെ പൂര്‍ത്തിയാക്കാനായിരുന്നു. എന്നിട്ടും, ഒരു വിധവയുടെ കയ്യില്‍ നിന്നടക്കം നഗരസഭ അറിയാതെ പണം വാങ്ങിയെന്നാണ് ആരോപണം. സംഭവം വിവാദമായപ്പോള്‍ നഗരസഭയില്‍ പണമടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സെക്രട്ടറിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു.
സമൂഹ അടുക്കളയുടെ വരവു ചെലവു കണക്കുകളും അവശ്യസാധനങ്ങള്‍ ലഭിച്ചതിന്റെ വിവരങ്ങളും സമരക്കാര്‍ക്കു നഗരസഭാധ്യക്ഷന്‍ കൈമാറുകയും വിഷയത്തില്‍ അന്വേഷണം നടത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണു സമരത്തില്‍ നിന്ന് കൗണ്‍സിലര്‍മാര്‍ പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: