ലോക നഴ്‌സസ് ദിനം ആചരിക്കുമ്പോള്‍ ശുഭ്രവസ്ത്ര ധാരികളായ മാലാഖമാര്‍ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. കൊറോണക്കാലത്തെ നമ്മുടെ പോരാട്ടത്തില്‍ അവരുടെ പ്രവര്‍ത്തനമില്ലെങ്കില്‍ നാം വിജയിക്കില്ല. ഫ്‌ളോറെന്‍സ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മവാര്‍ഷികം എന്നൊരു സവിശേഷത കൂടിയുണ്ട് ഇത്തവണത്തെ നഴ്‌സസ് ദിനാചരണത്തിന്.
നഴ്‌സുമാരുടെ പ്രവര്‍ത്തനത്തെയും നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തിന്റെ ശക്തവും നിര്‍ണായകവുമായ സ്തംഭങ്ങളാണവര്‍. അവരുടെ ജോലിയുടെ ആഴവും ആത്മാര്‍ത്ഥതയും നിര്‍വചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ആ പ്രതിബദ്ധതയ്‌ക്കും ദയാവായ്പിനും അര്‍പ്പണബോധത്തിനും
സ്‌നേഹസ്പര്‍ശത്തിനും നന്ദി. നഴ്‌സുമാരുടെ ദിവസം എത്ര പ്രയാസമേറിയതാണെങ്കിലും രോഗബാധിതര്‍ക്കു പ്രാധാന്യം നല്‍കുന്ന മനസ്സിനും നന്ദി. ഈ മഹാമാരിയുടെ കാലത്ത് നഴ്‌സുമാര്‍ നടത്തുന്ന തിളക്കമാര്‍ന്ന, തുടര്‍ച്ചയായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി. നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ സുസ്ഥിര വികസന ലക്ഷ്യങ്ങളോ സാര്‍വത്രിക ആരോഗ്യ പരിരക്ഷയോ നാം കൈവരിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി, പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കുന്നത്.
ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, അണുബാധ വ്യാപനം തടയല്‍ എന്നിവയെക്കുറിച്ച് നഴ്‌സുമാര്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. അതിലൂടെ മറ്റുള്ളവരിലും അവബോധം സൃഷ്ടിക്കാന്‍ നഴ്‌സുമാര്‍ക്കു കഴിയും .കൊറോണ കാലത്തെ വലിയ വെല്ലുവിളി എത്ര ശക്തമായ മനശ്ശക്തിയോടെയാണ് നഴ്‌സുമാര്‍ നേരിടുന്നത്. അടുത്തിടെ നമ്മെ വേര്‍പിരിഞ്ഞ പുനയിലെ സ്റ്റാഫ് നഴ്‌സ് ജ്യോതി വിത്തല്‍, അസിസ്റ്റന്റ് മേട്രണ്‍ അനിത ഗോവിന്ദ് റാവു റാത്തോഡ്, ഝില്‍മില്‍ ഇ എസ് ഐ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ മാര്‍ഗരറ്റ് എന്നീ ധീരവനിതകളെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നു. അവരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ മനസ്സിലേറ്റി ഈ രോഗത്തിനെതിരായ പോരാട്ടം നാം തുടരും,
(അന്താരാഷ്‌ട്ര നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വിവിധ പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)
ഡോ. ഹര്‍ഷവര്‍ദ്ധന്‍
കേന്ദ്ര ആരോഗ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: