കറാച്ചി: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വിലക്കിന് ശേഷം മടങ്ങി വന്ന് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഓസിസ് താരം സ്മിത്തിനെ എങ്ങനെ പുറത്താക്കണമെന്ന് തനിക്കറിയാമെന്ന് പാകിസ്ഥാന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്തുകള്‍ മാത്രമേ തനിക്കു ആവശ്യമുള്ളൂവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.
നിലവിലെ താരങ്ങളെയും മുന്‍ താരങ്ങളെയും താരതമ്യം ചെയ്തു കൊണ്ട് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. വിരാട് കോഹ്ലി ഷെയ്ന് വോണ്‍, ബാബര്‍ ആസം, ഗ്ലെന്‍ മഗ്രാത്ത്, സഈദ് അന്‍വര്‍, ജസ്പ്രീത് ബുംറ, കെവിന് പീറ്റേഴ്സന്, കൊഗിസോ റബാദ, കെയ്ന്‍ വില്ല്യംസണ്, മുത്തയ്യ മുരളീധരന്, റിക്കി പോണ്ടിങ് ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്ത്, ഷുഐബ് അക്തര്‍, ബ്രയാന്‍ ലാറ, നീല്‍ വാഗ്നര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍, റാഷിദ് ഖാന്, എബി ഡിവില്ലിയേഴ്സ്, വസീം അക്രം ഇവയില്‍ നിങ്ങള്‍ ഏത് പോരാട്ടം തിരഞ്ഞെടുക്കുമെന്നായിരുന്നു ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്.
ക്രിക്ക് ഇന്‍ഫോയുടെ മറുപടിയായാണ് അക്തര്‍ സ്മിത്തിനെ താന്‍ അനായാസം പുറത്താക്കുമെന്ന് ട്വീറ്റ് ചെയ്തത്. ഇപ്പോഴും ഭീഷണിയുയര്‍ത്തുന്ന മൂന്നു ബൗണ്‍സറുകള്‍, നാലാമത്തെ പന്തില്‍ സ്മിത്തിനെ താന്‍ പുറത്താക്കുമെന്നായിരുന്നു അക്തര്‍ കുറിച്ചത്. ഇതാദ്യമായല്ല റാവല്‍പിണ്ടി എക്സ്പ്രസ് സ്മിത്തിനെതിരേ രംഗത്തു വരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലും സ്മിത്തിന്റെ ബാറ്റിങ് ടെക്നിക്കിനെ അക്തര്‍ വിമര്‍ശിച്ചിരുന്നു. എങ്ങനെയാണ് സ്മിത്ത് റണ്‍സ് നേടുന്നതെന്നു മനസ്സിലാവുന്നില്ല. ഒരു ബാറ്റിങ് ടെക്നിക്കും സ്റ്റൈലും സ്മിത്തിനില്ല, പക്ഷെ എന്നിട്ടും അദ്ദേഹം തിളങ്ങുന്നു. തന്റെ കാലത്താണ് സ്മിത്ത് കളിച്ചിരുന്നതെങ്കില്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് താന്‍ അദ്ദേഹത്തെ വലയ്ക്കുമായിരുന്നുവെന്നും അക്തര്‍ അന്നു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: