കറാച്ചി: മരുന്നിനെങ്കിലും ഇന്ത്യയെ പിണക്കരുതെന്ന് പാക്കിസ്ഥാനോട് അഭ്യർത്ഥിച്ച് മരുന്ന് നിര്‍മ്മാതാക്കള്‍. ഇത് രാജ്യത്തെ കൊവിഡ്-19 പോരാട്ടത്തിന് തടസ്സമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്.
അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിച്ചാൽ മരുന്ന് നിര്‍മ്മാണത്തില്‍ 50 ശതമാനത്തോളം രാജ്യത്ത് കുറവ് വരുമെന്ന് മരുന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പാക്കിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്വറേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും ആശുപത്രിവാര്‍ഡുകളും മരുന്നുകളും ലഭ്യമാക്കേണ്ട ഈ സമയത്ത് ഇത്തരം തീരുമാനം തിരിച്ചടിയാകുമെന്നും അവര്‍ പറയുന്നു. പാകിസ്ഥാനിലെ 95 ശതമാനം മരുന്നുകളും നിര്‍മ്മിക്കുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ്. ഇതില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ് എന്നും പിപിഎംഎ മുന്‍ ചെയര്‍മാന്‍ ഡോ. കെയ്സര്‍ വഹീദ് പറഞ്ഞു.
ചൈനയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ബാക്കി ഭാഗങ്ങള്‍ വരിക. മരുന്നുകള്‍ ലഭ്യമാകാതെ വന്നാല്‍ പലവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ രാജ്യത്ത് പ്രതിസന്ധിയിലാകുമെന്നും മരുന്ന് നിര്‍മ്മാണ കമ്ബനികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: