റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് അണുബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. 1966 പുതിയ കേസുകള്‍ ആണ് ഇന്ന് മാത്രം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 41014 കടന്നു. ശരാശരി മരണനിരക്ക് 0.6 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1280 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 12737 ആയി ഉയര്‍ന്നു.
റിയാദില്‍ 520, മക്കയില്‍ 343, മദീനയില്‍ 257, ജിദ്ദയില്‍ 236, ഹുഫോഫില്‍ 137 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങള്‍.
കൊറോണ ബാധിച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്ന മലയാളികള്‍ ദമ്മാമില്‍ മരണമടഞ്ഞു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ കുഞ്ഞപ്പന്‍ മകന്‍ ബെന്നി (53), മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്‍ മകന്‍ സുദേവന്‍ (52) എന്നിവരാണ് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: