കുവൈറ്റ് സിറ്റി : ആശങ്കവര്ദ്ധിപ്പിക്കുന്ന രീതിയിലാണ് കുവൈറ്റില്‍ ദിനംപ്രതിയുണ്ടാകുന്ന കൊറോണ മരണസംഖ്യയും രോഗം ബാധിക്കുന്നവരുടെ കണക്കുകളും. കൊറോണ ചികിത്സയില്‍ ജാബിര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഏഴ് പേരാണ് ഇന്നലെ മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 65 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് 159 ഇന്ത്യാക്കാരുള്‍പ്പെടെ 598 പേര്‍ക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊറോണബാധിച്ചവരുടെ എണ്ണം 9286ആയി. ഇതില്‍ 3376 പേര്ഇന്ത്യാക്കാരാണ്.
അതേ സമയം കുവൈറ്റില്‍ മൂന്ന് മലയാളികള്‍ കൂടി ഇന്ന് മരണമടഞ്ഞു. തിരുവനന്തപുരം പുത്തന്‍ തോപ്പ് അംജനം വീട്ടില്‍ 64 കാരനായ ആന്റണി പൗലോസ് ആണു അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന് മരിച്ചത് കൊറോണ ബാധയേത്തുടര്‍ന്നാണ്. ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഈ 43കാരന്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ പതിനെട്ടിനാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ നിന്നും ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കണ്ണൂര്‍ ഇരിക്കൂര്‍ നായാട്ടുപാറ സ്വദേശി പ്രഭാകരനാണ് ഫാഹേലിലെ താമസസ്ഥലത്ത് മരിച്ച 68കാരന്. നെഞ്ചുവേദനയെത്തുടര്‍ന്ന് തുടര്‍ന്ന് മരിച്ച പ്രഭാകരന്റെ കൊറോണ പരിശോധനാഫലം വന്നതിനുശേഷംമൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത് പറഞ്ഞു.
178 പേര് കൂടി അസുഖ മുക്തരായതോടെ രോഗം സുഖമായവരുടെ എണ്ണം 2907 ആയി. ചികിത്സയില്‍ കഴിയുന്ന 6314 പേരില്‍ 131പേര് തീവ്ര പരിചരണ വിഭാഗത്തിലും ഇതില്‍ 60 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: