ദുബായ്: കൊറോണ വൈറസിനെതിരെ (കൊവിഡ് 19) പോരാടുന്ന ദുബായിലെ മലയാളി നഴ്സുമാരെ ഞെട്ടിച്ച് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ വിളിയെത്തി. അന്താരാഷ്ട്ര നഴ്സസ് ദിനത്തിന് മുന്നോടിയായിട്ടാണ് താരം നഴ്സുമാരെ വിളിച്ചത്.
കൊവിഡ് കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ ദുബായ് മെഡിയോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അനുമോള്‍ ജോസഫ്, അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് പ്രിന്‍സി ജോര്‍ജ് എന്നിവരെ ഉള്‍പ്പടെ 11 പേരെയാണ് താരം നേരിട്ട് വിളിച്ചത്. തനിക്ക് വന്ന കോള്‍ അറ്റന്റ് ചെയ്ത അനുമോള്‍ അങ്ങേ തലയ്ക്കലിലെ മോഹന്‍ലാലിന്റെ ശബ്ദം കേട്ട് ഞെട്ടി. മദ്രാസില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നും കൊവിഡിനെതിരെ പോരാടുന്ന പ്രവാസി നഴ്സുമാര്‍ക്ക് നാടിന്റെ പൂര്‍ണ പിന്തുണയും പ്രാര്‍ഥനയുമുണ്ടെന്ന് അനുമോളോട് താരം വ്യക്തമാക്കി.
കൊവിഡ് കഴിഞ്ഞു ദുബായിലേക്ക് വരുമ്പോള്‍ ഇതുവഴി വരണമെന്നും ദുരിതകാലത്ത് സര്‍പ്രൈസ് തന്ന ലാലേട്ടന് ഊണൊരുക്കാമെന്നും അനുമോള്‍ മറുപടി നല്കി. ബുദ്ധിമുട്ടുകള്‍ വേഗം കടന്നു പോകട്ടെയെന്നും അടുത്തവരവില്‍ കാണാന്‍ ശ്രമിക്കാമെന്നും താരം ഉറപ്പ് നല്കി.
ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ അവസ്ഥ വിലയിരുത്താനുള്ള നഴ്സുമാരുടെ യോഗത്തിനിടെയാണ് പ്രിന്‍സി ജോര്‍ജിന് സൂപ്പര്‍ താരത്തിന്റെ വിളിയെത്തിയത്. ഞാന്‍ ആക്റ്റര്‍ മോഹന്‍ലാല്‍ എന്ന ആമുഖം കേട്ടതോടെ പ്രിന്‍സിക്ക് സന്തോഷം അടക്കാന്‍ ആയില്ല. ഫോണില്‍ ലൗഡ്സ്പീക്കറിലിട്ട് പ്രിന്‍സി സഹപ്രവര്‍ത്തകര്‍ക്കും താരവുമായി സംസാരിക്കാന്‍ വഴിയൊരുക്കി. ഇന്ത്യന്‍ സുഹൃത്തുക്കളില്‍ നിന്ന് താങ്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഫിലിപ്പിനോ നഴ്സുമാര്‍ മോഹന്‍ലാലിനോട് പറഞ്ഞു.
യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പുകളില്‍ ഒന്നായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബുര്‍ജീല്‍, മെഡിയോര്‍, എല്‍എല്‍എച്ച്, ലൈഫ്കെയര്‍ ആശുപത്രികളിലെ നഴ്സുമാരുമായിട്ടായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്നുള്ള മോഹന്‍ലാലിന്റെ സംഭാഷണം.
നഴ്സസ് ദിനത്തോട് അനുബന്ധിച്ചു നഴ്സുമാര്‍ക്ക് സര്‍പ്രൈസ് നല്കാന് വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്മെന്റ് നേരത്തെ തന്നെ താരത്തിന് കൈമാറിയിരുന്നു.എന്നാല്‍ ആരാണ് വിളിക്കാന്‍ പോകുന്നതെന്ന് നഴ്സുമാരെ അറിയിച്ചിരുന്നില്ല. രാവിലെ ഒരു സുപ്രധാന കോള്‍ വരുമെന്നും അത് എടുക്കാന്‍ വിട്ടുപോകരുതെന്നും മാത്രമേ പറഞ്ഞുള്ളൂ. കോള്‍ വരുന്ന സമയം മുന്‍കൂട്ടി അറിയാവുന്ന മാനേജ്മെന്റ് വിഭാഗത്തിലുള്ളവര്‍ സംസാരം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: