മുംബൈ: തന്റെ ഭാര്യ പ്രീയങ്ക അര്‍ജന്റീനിയന്‍ ഇതിഹാസ താരമായ ലയണല്‍ മെസിയുടെ കടുത്ത ആരാധികയാണെന്നും എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം മെസിയെന്നാല്‍ മഹേന്ദ്ര സിങ് ധോണിയാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. സിഎസ്കെയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.
ഫുട്ബോളിന്റെ കടുത്ത ആരാധികയാണ് ഭാര്യ. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാവട്ടെ അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും ഇതിഹാസ താരമായ മെസ്സിയാണ്. എന്നാല്‍ തന്നെയും കൂട്ടുകാരെയും സംബന്ധിച്ച് മെസ്സിക്കൊപ്പം നിര്‍ത്താവുന്ന താരം സിഎസ്കെയുടെ ക്യാപ്റ്റന്‍ കൂടിയായ ധോണിയാണെന്നു റെയ്ന പറയുന്നു. കളി കാണാന്‍ എത്തുമ്പോഴെല്ലാം ഭാര്യ രണ്ടു കാര്യങ്ങളാണ് ചോദിക്കാറുള്ളത്. എന്തു കൊണ്ടാണ് മഹി ഭായി വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് തന്റെ പിന്നില്‍ വയ്ക്കുന്നത്, എന്തുകൊണ്ടാണ് ഒരോവര്‍ കഴിയുമ്പോള്‍ ബാറ്റ് ചെയ്യുന്ന ടീം ഒരു സൈഡില്‍ നിന്നും മറ്റൊരു സൈഡിലേക്കു മാറുന്നത്? ഒരേ സൈഡില്‍ തന്നെ കളിച്ചാല്‍ പോരെയെന്നും അവള് ചോദിക്കാറുണ്ടെന്നും റെയ്ന വെളിപ്പെടുത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ തുടരവെ അദ്ദേഹം ഇപ്പോഴും മികച്ച ഫോമില്‍ തന്നെയാണെന്നു റെയ്ന വ്യക്തമാക്കി. അമ്പാട്ടി റായുഡു, മുരളി വിജയ് എന്നിവര്‍ക്കൊപ്പമാണ് താന്‍ സിഎസ്കെയുടെ ഫിറ്റ്നസ് ക്യാംപില്‍ ജോയിന്റ് ചെയ്തത്. അതിനു ശേഷമാണ് മഹി ഭായി ക്യാംപിലെത്തിയത്. നെറ്റ്സില്‍ അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. നല്ല ടൈമിങില്‍ ധോണി പന്ത് സ്ട്രൈക്ക് ചെയ്തിരുന്നു. ഇതിനേക്കാള്‍ മികച്ച ഫോമില്‍ അദ്ദേഹത്തെ മുമ്പ് കണ്ടിട്ടില്ലെന്നും റെയ്ന പറഞ്ഞു.
ഐപിഎല്ലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന പരിശീലന മല്‍സരത്തില്‍ ധോണി 91 പന്തില്‍ 123 റണ്‍സ് അടിച്ചെടുത്ത് കസറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണി ഇനി ഇന്ത്യക്കായി കളിക്കുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനു ക്രിക്കറ്റ് ഇനിയും അദ്ദേഹത്തില്‍ ശേഷിക്കുന്നുണ്ടെന്നായിരുന്നു റെയ്നയുടെ മറുപടി. ഇന്ത്യക്കു വേണ്ടി തുടര്‍ന്നും കളിക്കാനുള്ള മികവ് ധോണിക്കുണ്ട്. ഈ ചോദ്യത്തിന് ധോണി തന്റെ ബാറ്റ് കൊണ്ടു തന്നെ മറുപടി നല്‍കുന്നതാണ് ഏറ്റവും ഉചിതമെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: