ബംഗളൂരു: ആത്മധൈര്യം കൈവിടാതെ കൊവിഡ് ബാധിതരെ പരിചരിച്ച നഴ്സ് രൂപയെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഒന്‍പത് മാസം ഗര്‍ഭിണിയായ രൂപയുടെ പരിശ്രമത്തിൽ അത്ഭുതം പ്രകടിപ്പിച്ച യദ്യൂരപ്പ അവരോട് വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ജന്മസ്ഥലമായ ശിവമോഗയിലെ ജയചാമരാജേന്ദ്ര താലൂക്ക് ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്സായി ജോലി ചെയ്യുകയാണ് രൂപ. താങ്കളുടെ പരിശ്രമങ്ങളെക്കുറിച്ച് അറിഞ്ഞ് അത്ഭുതം തോന്നുന്നു. എന്റെ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീ ഇത്രയധികം സേവനങ്ങള്‍ ചെയ്യുന്നു എന്നതില്‍ സന്തോഷം. ദയവായി ഇപ്പോള്‍ വിശ്രമിക്കൂ, പ്രസവത്തിന് ശേഷം വീണ്ടും ജോലിയില്‍ തിരികെ പ്രവേശിക്കാം. ഇന്നുതന്നെ വിശ്രമിക്കാന്‍ തയ്യാറെടുക്കൂ. യെദ്യൂരപ്പ ഫോണില്‍ സംസാരിക്കവേ രൂപയോട് ആവശ്യപ്പെട്ടു.
രൂപയുടെ നിര്‍ബന്ധപ്രകാരമാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖല ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് ശരിയല്ല എന്നാണ് രൂപയുടെ നിലപാട്. പ്രോട്ടോക്കോള്‍ അനുസരിച്ച് രൂപ ദുര്‍ബല വിഭാഗത്തിന്റെ പട്ടികയിലാണെന്നും അതിനാല്‍ എത്രയും വേഗം അവധിയില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: