അസാധാരണമായ സാഹചര്യം ലോകമാസകലം നിലനില്ക്കുമ്പോള് എന്തും സംഭവിച്ചേക്കാം. ആഗ്രഹിക്കുന്നത് നടക്കണമെന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്തത് നടന്നെന്നും വരും. അത് തിരിച്ചറിയാനുള്ള മനസ്സാന്നിധ്യം അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുണ്ടാകണം. കൊറോണ വ്യാപനകാലത്ത് കരുതലോടെ മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ പലകുറി വ്യക്തമാക്കിയതാണ്. അന്യദേശത്ത് അകപ്പെട്ടവര്‍ അവിടെ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തലാകുമെന്ന് വിശദീകരിക്കുകയും ചെയ്തതാണ്. അതിനെയെല്ലാം അതിശക്തമായി വിമര്‍ശിക്കുകയും കേന്ദ്ര സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. മറുഭാഗത്ത് കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയുമാണെങ്കില്‍ കേരളത്തില്‍ ഭരണപ്രതിപക്ഷ ഭേദമില്ല. നമ്മളൊന്ന് എന്ന മനോഭാവമാണ് ഇരുകൂട്ടര്‍ക്കും. അനാവശ്യമായും അനവസരത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ ഏകകണ്ഠേന പ്രമേയം പാസാക്കാന്‍ പോലും അവര്‍ക്ക് ഒരു മനസാക്ഷിക്കുത്തുമില്ല. അതിലൊന്നാണ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം.
മാര്‍ച്ച് 12ന് നിയമസഭ പാസാക്കിയ പ്രമേയം, കോവിഡ് 19 വ്യാപകമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. കേന്ദ്ര നടപടി ഉത്കണ്ഠാജനകമെന്ന് പ്രമേയം കുറ്റപ്പെടുത്തുകയും ചെയ്തു. ഇറ്റലിയില്‍ നിന്നും റിപ്പബ്ലിക് ഓഫ് കൊറിയയില്‍ നിന്നും പുറപ്പെടുന്നവര്‍ക്കും ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഇത് മനുഷ്യത്വരഹിതമെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്. പ്രവാസികളായ ഇന്ത്യക്കാരെ നിഷ്കരുണം കൈവിടുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തുകയുണ്ടായി. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നത് ന്യായയുക്തമല്ലെന്ന് പറഞ്ഞ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന സ്ഥിതിയിലെത്തി. വിദേശത്ത് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരാന്‍ മനുഷ്യസാധ്യമായ മാര്‍ഗങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കുവൈറ്റില്‍ നിന്നും പണ്ട് ആളുകളെ കൊണ്ടുവന്നില്ലെ അതുപോലെയെന്താണ് ഇപ്പോള്‍ നടക്കാത്തതെന്നാണ് പുതിയ ചോദ്യം. കുവൈറ്റ് പ്രശ്നക്കാലത്ത് അവിടെ നിന്നുമാത്രം ആളുകളെ ഒഴിപ്പിച്ചാല്‍ മതി. അത് യുദ്ധമാണ്. രോഗമല്ല. ഇപ്പോള്‍ 200ല്‍ പ്പരം രാജ്യങ്ങളില്‍ പടര്‍ന്ന മഹാമാരിയാണ്. സൂക്ഷിച്ചുപെരുമാറിയില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് സംഭവിക്കുക.
കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭരണ-പ്രതിപക്ഷ നേതൃത്വം എന്തുകൊണ്ടാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗകര്യം നല്‍കാത്തത്? കുടിയേറ്റത്തൊഴിലാളികളെ സല്‍ക്കരിക്കാനും യാത്രയാക്കാനും മുണ്ടുമുറിക്കി പണിയെടുത്ത സര്‍ക്കാര്‍ എന്തേ മലയാളികളെ അന്യരായി കാണുന്നു? അതിര്‍ത്തിവരെ എത്തിയ മലയാളികള്‍ക്ക് കേരളത്തെ ബാലികേറാമലയാക്കിയതിന്റെ ന്യായമെന്താണ്? പാസും രേഖയുമെല്ലാം ചോദിക്കുന്നു. പാസാണെങ്കില്‍ നല്‍കുന്നുമില്ല. ഇത്രയും ദുഷ്കരമായ ഒരവസ്ഥ എവിടെയും ഉണ്ടായിട്ടുണ്ടാവില്ല. അന്യസംസ്ഥാനങ്ങള്‍ അവരുടെ പ്രദേശക്കാരെ നാട്ടിലെത്തിക്കാന്‍ എല്ലാ മാര്‍ഗവും സ്വീകരിച്ചുവരികയാണ്.
യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ദല്‍ഹിയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുപോകാന്‍ ആയിരക്കണക്കിന് ബസുകള്‍ ഏര്‍പ്പാടാക്കി. ഇപ്പോള്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് അവരെയെല്ലാവരെയും സുരക്ഷിതമായി നാടുകളില്‍ എത്തിച്ച്, ക്വാറന്റൈന് ചെയ്യുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടുകാരായ തൊഴിലാളികളെ മടക്കിക്കൊണ്ടുപോകാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ ഓടിച്ചത് 197 ട്രെയിനുകളാണ്. ഇതിന് പുറമേ ഇരുപത് ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കാന്‍ റെയില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതുവരെ കേരളത്തിലേക്ക് ഒരൊറ്റ ട്രെയിന്‍ പോലും ഓടിച്ചില്ല. എല്ലായിടത്തുനിന്നും ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതുമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തുകെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും സംസ്ഥാനസര്‍ക്കാര്‍ ആരെയും സ്വീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും. കര്‍ണാടകയില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ ബസ് നല്‍കാമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ വ്യക്തമാക്കിയിട്ടും അതിനോട് പ്രതികരിക്കാന്‍ കേരളം തയ്യാറായിട്ടില്ല. തിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ലെന്ന കേരള നിലപാട് തിരുത്തിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: