ടെഹ്‌റാൻ : ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയ ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. ശനിയാഴ്ച മാത്രം 1500 പുതിയ കേസുകളാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്ത് ചെയ്യണമെന്നറിയാതെ അധികൃതര്‍ വിഷമിക്കുകയാണ്.
ഖുമ്മിലും ടെഹ്‌റാനിലും രോഗം ഏറെ കുറേ ഒഴിഞ്ഞിരുന്നു. ടെഹ്‌റാനിലും മറ്റും ഇളവുകളും പ്രഖ്യാപിച്ചു. വാഹനങ്ങള്‍ ഓടുന്നതിനും ഓഫീസുകള്‍ തുറക്കുന്നതിനും നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇവിടെ വീണ്ടും രോഗം വ്യാപിച്ചിരിക്കുകയാണ്. വൈറസ് പൂര്‍ണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്‌ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
എല്ലാ പ്രവിശ്യകളിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഖുസെസ്താനില്‍ രോഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കൈനൂഷ് ജഹാന്‍പൂര്‍ പറഞ്ഞു. ഇവിടെ വീണ്ടും രോഗം പടരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് സര്‍ക്കാര്‍. ഓരോ ദിവസത്തെയും രോഗികളുടെ എണ്ണം കൃത്യമായി പറയുന്ന രീതി കഴിഞ്ഞമാസം ഇറാന്‍ അവസാനിപ്പിച്ചിരുന്നു.
ഇറാനിലെ മറ്റു മേഖലകളില്‍ രോഗം കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ചൈനയുമായി വ്യാപാര ഇടപാടുള്ള വ്യക്തികളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: