കോഴിക്കോട്: കോര്പ്പറേഷന് ഭരണത്തിലെ വീഴ്ച്ചകളും ക്രമക്കേടുകളും കോവിഡ് 19, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നിവ കൊണ്ട് ഭരണപക്ഷം മറച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ നിഷ്ക്രിയരായി പ്രധാന പ്രതിപക്ഷമായ യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ പദ്ധതികള്‍ പലതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തെരുവുവിളക്കുകള്‍ കത്തിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. എന്നാല്‍ ഈ പിഴവുകളൊന്നും ജനമധ്യത്തിലേത്തിക്കാന് പോലും പ്രധാന പ്രതിപക്ഷമായ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ്, കേടായ തെരുവ് വിളക്കുകള്‍ മാറ്റാനും പുതുതായി ട്യൂബ്ലൈറ്റുകള് വാങ്ങാനും തീരുമാനിച്ചത്. 6000 ഓളം ട്യൂബ്ലൈറ്റുകളാണ് പുതുതായി വാങ്ങുന്നത്. ഇതിന് 6.25ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു.
തെരുവ് വിളക്കുകള്‍ എല്‍ഇഡി ആക്കാനുള്ള ചുമതല കര്‍ണ്ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചെങ്കിലും അത് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കോര്പ്പറേഷന് അധിക ചെലവ് വരുത്തിക്കൊണ്ട് ട്യൂബ് ലൈറ്റുകള്‍ വാങ്ങേണ്ടിവരുന്നത്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി ചാര്‍ജ്ജ് എന്നിവ ഉള്‍പ്പെടെ കെഎസ്ഇബിക്ക് 52 ലക്ഷം രൂപ നല്‍കാനുള്ള അവസരത്തിലാണ് അറ്റകുറ്റപ്പണി വീണ്ടും കെഎസ്ഇബിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോര്പ്പറേഷന് ഇത് ഇരട്ടി നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. നേരത്തെ തെരുവുവിളക്കുകള്‍ എല്‍ഇഡി ആക്കാനുള്ള കരാര്‍ മറ്റൊരു കമ്പനിക്ക് നല്‍കാനുള്ള ശ്രമം നടന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ടെണ്ടര്‍ നടപടികളിലൂടെ കര്‍ണ്ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷനെ പദ്ധതി ഏല്‍പ്പിച്ചത്. അംഗങ്ങള്‍ തെരുവ് വിളക്ക് കത്തുന്നില്ലെന്ന പരാതി കൗണ്‍സില്‍ യോഗങ്ങളില്‍ ഉന്നയിക്കുമ്പോള്‍ പദ്ധതി നടപ്പിലായിക്കൊണ്ടിരിക്കുന്നുവെന്ന പതിവ് മറുപടിയിലൂടെ ശ്രദ്ധക്ഷണിക്കല്‍ പോലും മേയര്‍ തള്ളുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിന്റെ കഴിവുകേട് തുറന്ന് കാണിക്കാന്‍ പോലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് ആയില്ല. സ്ഥാപിച്ച തെരുവ് വിളക്കുകള്‍ക്ക് വേണ്ടത്ര വെളിച്ചമില്ലെന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ പരാതിക്ക് കോണ്‍ഗ്രസ്സ് അംഗങ്ങളുടെ പിന്തുണ പോലും ഉണ്ടായില്ല.
നഗരത്തില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതികള്‍ തുടക്കം മുതല്‍ ക്രമക്കേടുകള്‍ കൊണ്ട് വിവാദമായിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ 10 അമൃത് പദ്ധതികളാണ് നടപ്പാക്കുന്നത്. മഴക്കാലം അടുത്തിരിക്കെ പദ്ധതികള്‍ പൂര്‍ത്തിയാകാത്തത് നഗരം വെള്ളക്കെട്ടിലാകുമെന്ന് ഉറപ്പാക്കുകയാണ്. പീപ്പിള്‍സ് റോഡ്, ഇ കെ കനാല്‍ പദ്ധതി മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പകുതിയിലധികം പദ്ധതികളും 50 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. പാളയം -സാമൂതിരി ക്രോസ് റോഡ് പദ്ധതി 29 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 40.76 കോടിരൂപയുടെ അമൃത് പദ്ധതിയാണ് പാതിവഴിയിലെത്തിനില്ക്കുന്നത്.
കോര്‍പ്പറേഷന്റെ അടുക്കള നടത്തിപ്പില്‍ സിപിഎം വ്യാപകമായി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിച്ചുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ആര്‍ആര്‍ടി അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയ വിവേചനം കാണിക്കരുതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും കൗണ്‍സില്‍ യോഗത്തില്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കേണ്ടിവന്നു. എല്‍ഡിഎഫിന്റെ ഭരണപരാജയവും രാഷ്ട്രീയ മുതലെടുപ്പും ജനമധ്യത്തിലെത്തിക്കാന്‍ യുഡിഎഫ് ദയനീയമായി പരാജയപ്പെടുകയാണ്. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സൗഹാര്‍ദ്ദ മത്സരത്തിലൂടെ ബിജെപിയുടെ വിജയം തടയാന്‍ രണ്ട് മുന്നണികളിലെയും ഒരു വിഭാഗം കരുക്കള്‍ നീക്കിത്തുടങ്ങിയെന്ന് ആരോപണം ഉണ്ട്. ബിജെപി ജയിച്ച ഏഴ് ഡിവിഷനുകളില്‍ ഇരുപക്ഷത്തിനും സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സൗഹാര്‍ദ്ദ മത്സരം നടത്താനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് കോര്പ്പറേഷന് തലത്തില്‍ ഇരുപക്ഷവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: