കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളികളെ സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റൈന് ചെയ്യാത്തത് തിരിച്ചടിയാകുമെന്ന് ഭീതി. പാറശാല,ഇടുക്കി, വാളയാര്‍, മുത്തങ്ങ അതിര്‍ത്തികള്‍ വഴി റെഡ് സോണില്‍ നിന്ന് വന്നവരെയടക്കം നല്ലൊരു പങ്കിനെയും വീടുകളില്‍ ക്വാറന്റൈന് ചെയ്യാന്‍ നിര്‍ദേശിച്ച് വിട്ടു. ഇവരെ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ കൃത്യമല്ലാത്തതിനാല്‍ പലരും ക്വാറന്റൈില്‍ പോയിട്ടില്ലെന്നാണ് സംശയം. മാത്രമല്ല പലരും മുങ്ങി.
ഇങ്ങനെ ക്വാറന്റൈന് ചെയ്യാതെ പോകുന്നവരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അവരില്‍ നിന്ന് പലര്‍ക്കും പകരാം. സ്വന്തം വാഹനത്തില്‍ അതിര്‍ത്തി കടന്നു വന്ന കോട്ടയം നഗരത്തിനടുത്തുള്ള ഒരു പഞ്ചായത്തിലെ പത്തോളം പേരെ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലില്‍ മുറി ഏര്‍പ്പാടാക്കി അവിടെ ക്വാറന്റൈന് ചെയ്യാന്‍ നിര്‍ദേശിച്ച് അയച്ചു. അവര്‍ നേരെ വീടുകളിലേക്കാണ് മടങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞാണ് ഇവരെ എങ്ങനെയും ക്വാറന്റൈനില്‍ആക്കണമെന്ന ബോധം പഞ്ചായത്തധികൃതരുടെ തലയിലുദിച്ചത്. തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ ഒന്നായ തിരുവള്ളുവര്‍ ജില്ലയില്‍ നിന്ന് മടങ്ങിയവരില്‍ കോട്ടയത്ത് എത്തിയത് 34 പേര്.
വാളയാര്‍ ചെക്പോസ്റ്റ് വഴിയെത്തിയ ഇവരും വീടുകളിലേക്ക് മടങ്ങിയിരുന്നു. ആകെ നാലു പേരാണ് ക്വാറന്റൈന് ചെയ്തത്. അധികൃതരുടെ അനാസ്ഥ കാരണം 30 പേരും നിരീക്ഷണത്തില്‍ പോയില്ല. ഇവരെ കണ്ടെത്തി ക്വാറന്റൈനിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പക്ഷേ രണ്ടു ദിവസം ഇവര്‍ സ്വതന്ത്രരായി നടന്നുവെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.
കര്‍ണാടകത്തില്‍ നിന്ന് പിഞ്ചുകുട്ടികളുമായെത്തിയ 12 പേര് ക്വാറന്റൈന് ലംഘിച്ച് കറങ്ങി നടക്കുന്നതായി വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി കണ്ടെത്തിയിരുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മെയ് ഒന്‍പതിന് ജില്ലയിലേക്ക് പ്രവേശിച്ചവരില്‍ 54 പേരെ മാത്രമാണ് ക്വാറന്റൈന് ചെയ്തത്. ആദ്യ ദിവസം മാത്രം 267 പേരാണെത്തിയിരുന്നത്. വയനാട് ജില്ലയിലുള്ളവരെ മാത്രമാണ് ഇവിടത്തെ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. മറ്റുള്ളവരെ അതത് ജില്ലകളിലേക്ക് അയയ്ക്കും.
പത്തനംതിട്ട ജില്ലയിലെത്തിയവര്‍ വീടുകളിലേക്ക് പോയതും ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് 17 പേര് പന്തളത്തും ഏഴ് പേര് തുമ്പമണ്ണിലും അധികൃതരുടെ കണ്ണുവെട്ടിച്ച് വീടുകളിലെത്തി. കര്‍ണാടകത്തിലെ ബെംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് 22 പേര് പന്തളത്തെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍ നിന്നെത്തിയ കുമ്പനാട്, ഓമല്ലൂര്‍ സ്വദേശികള്‍ക്ക് അധികൃതരെ കാത്ത് മണിക്കൂറുകള്‍ വാഹനത്തില്‍ കഴിയേണ്ടി വന്നു. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഏറെ വൈകി ഒരാളെ തിരുവല്ല അറ്റ്ലസ് റെസിഡന്‍സി ക്വാറന്റൈന് കേന്ദ്രത്തിലേക്കും മറ്റൊരാളെ ഓമല്ലൂരിലേക്കും മാറ്റുകയായിരുന്നു. ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തി വഴിയെത്തുന്നവരെ റെഡ് സോണില്‍ നിന്നാണെങ്കില്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കും അല്ലെങ്കില്‍ വീടുകളിലേക്കുമാണ് മാറ്റുന്നത്. ഇവര്‍ പുറത്തിറങ്ങിയാല്‍ അറിയിക്കാന്‍ നാട്ടുകാരോടും ക്വാറന്റൈന് കേന്ദ്രമാണെങ്കില്‍ കെട്ടിട ഉടമകള്‍ക്കും നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
ഇടുക്കി കൊന്നത്തടി പഞ്ചായത്തില്‍ ഒരു സ്കൂളിലാണ് അഞ്ചു പോരെ ക്വാറന്റൈന് അയച്ചത്. ഇവിടെയാകട്ടെ ബെഞ്ചുകള്‍ ചേര്‍ത്തിട്ടാണ് ഇവര്‍ കിടന്നത്. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: