കൊച്ചി: മാലിയില്‍ നിന്നുള്ള 698 യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍ കൊച്ചിതീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിലെത്തി. കേരളത്തിലെ യാത്രക്കാരെ അതാത് ജില്ലകളിലേക്കും മറ്റ് 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ വിടും.
യാത്രക്കാരില്‍ ആര്‍ക്കും നിലവില്‍ കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊച്ചിയിലും ഇവര്‍ക്ക് പരിശോധനക്കായുളള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 10 കൗണ്ടറുകളിലായി തെര്‍മല്‍ സ്ക്രീനിങും വൈദ്യപരിശോധനയും നടത്തും.
യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. തമിഴ്നാട്ടിലെ 187 യാത്രക്കാരുണ്ട്. മറ്റുള്ളവര്‍: ആന്ധ്രപ്രദേശ് (എട്ട്), അസം (ഒന്ന്), ദല്‍ഹി (നാല്), ഗോവ (ഒന്ന്), ഹരിയാന (മൂന്ന്), ഹിമാചല്‍പ്രദേശ് (മൂന്ന്), ഝാര്‍ഖണ്ഡ് (രണ്ട്), കര്‍ണാടകം (എട്ട്), ലക്ഷദ്വീപ് (നാല്), മധ്യപ്രദേശ് (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), ഒഡീഷ (രണ്ട്), പുതുച്ചേരി (രണ്ട്), രാജസ്ഥാന് (മൂന്ന്), തെലങ്കാന (ഒമ്പത്), ഉത്തര്‍പ്രദേശ് (രണ്ട്), ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ (ഏഴ് വീതം).
മാലി വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്. ഇവിടെയും ആരോഗ്യ പരിശോധന നടത്തി. ബാഗേജുകള്‍ അണുവിമുക്തമാക്കി. കാലാവസ്ഥ പ്രതികൂലമായാല്‍ മാത്രമേ കപ്പല്‍ വൈകൂ. ഇവിടെ പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, കസ്റ്റംസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ പരിശോധനകള്‍ക്കു ശേഷമാകും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുക. ഓപ്പറേഷന് സമുദ്ര സേതു എന്ന പേരിട്ട ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി നാവികസേനയുടെ മാറ്റൊരു കപ്പലായ ഐഎന്‍എസ് മഗര്‍ പുറപ്പെട്ടിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: