കൊച്ചി: ഗോപികയുടെയും ദേവികയുടെയും ഗോപീഷിന്റെയും അമ്മയുടെ ഹൃദയത്തിന്റെ സ്പന്ദനം ഇനി ഷിയോണയ്ക്കും ബേസിലിനും സ്വന്തം. മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി ലാലി ടീച്ചറുടെ ഹൃദയം ഇപ്പോള്‍ കോതമംഗലം സ്വദേശി ലീനയുടെ ജീവനില്‍. ലീനയുടെ മക്കളാണ് ഷിയോണയും ബേസിലും.
മൃതസഞ്ജീവനി പദ്ധതിയിലൂടെ, ഒരമ്മയ്ക്ക് മറ്റൊരമ്മയുടെ ഹൃദയം സമ്മാനമെന്നപോലെ കിട്ടിയത് ലോക മാതൃദിനത്തിലായത് യാദൃച്ഛികം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകിട്ട് 3.55ന് ഹെലികോപ്ടറില്‍ തിരിച്ച ഹൃദയം 3.50ന് എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ എത്തി. 4.20ന് ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയും ആരംഭിച്ചു. ഒരമ്മയുടെ ഹൃദയം മറ്റൊരു അമ്മയില്‍ ചേര്‍ത്തുവയ്ക്കുന്ന സമയത്ത് എല്ലാവരും ഒരുപോലെ പ്രാര്‍ഥിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കും പ്രാര്‍ഥനകള്‍ക്കൊടുവില്‍ ലാലി ടീച്ചറിന്റെ ഹൃദയം 6.10ന് ലീനയില്‍ ജീവന്റെ തുടിപ്പുകളായി. ലീനയുടെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകനായ സജിയുടേയും മക്കളുടേയും ബന്ധുക്കളുടേയും കണ്ണുകളില്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കണികകള്‍ പൊഴിഞ്ഞു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന് ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വീട്ടമ്മയും നാല്പ്പത്തൊമ്പതുകാരിയുമായ ലീനയ്ക്ക് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഹൃദയത്തിന്റെ വാല്‍വ് മാറ്റിവയ്ക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ തീയതിയും നിശ്ചയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ഹൃദയം പൂര്‍ണമായും മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാറിന് (50) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്യൂറിസം ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മസ്തിഷ്ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
പൗണ്ട്കടവ് ഗവ. എല്‍പിഎസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ലാലി ടീച്ചര്‍ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിക്കുമാണ് നല്‍കിയത്.
ലാലിയുടെ ഭര്‍ത്താവ് ഗോപകുമാര്‍ ഉള്ളൂരില്‍ ബിസിനസ് നടത്തുന്നു. മക്കളായ ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്സാണ്. ദേവിക ഗോപകുമാര്‍ ബിഎച്ച്എംഎസ് വിദ്യാര്‍ഥിയും ഗോപീഷ് ബിടെക് വിദ്യാര്‍ഥിയുമാണ്.
ലാലിയുടെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘവുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപാഡില്‍ ഇറങ്ങിയപ്പോള്‍ ലിസി ആശുപത്രിയിലേക്ക് ഹൃദയം വേഗത്തില്‍ എത്തിക്കുന്നതിന് പോലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിരുന്നു. രാത്രി ഒന്‍പതു മണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എങ്കിലും അടുത്ത നാല്പ്പത്തെട്ടു മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോ. ജോസ് പെരിയപ്പുറം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: