ഉഗാണ്ടയിലുള്ള ഗുലു ജില്ലയിലെ ഒരു സാധാരണ ഡോക്ടറായിരുന്നു മാത്യുലുക്. ഒരിക്കല്‍ പതിവ് പരിശോധനക്കിടെ അദ്ദേഹത്തിനൊരു സംശയം. പനിക്ക് ചികിത്സ തേടിവരുന്നവരുടെ എണ്ണത്തില്‍ പെട്ടെന്ന് ഒരു വര്‍ധന കാണുന്നു. കടുത്ത പനിയാണ് ലക്ഷണം. സംഗതി പന്തിയല്ല. മാരകമായ ഏതോ പകര്‍ച്ചവ്യാധിയാണെന്ന് സംശയം. പ്രാഥമിക പരീക്ഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോ. മാത്യു ലുക് അക്കാര്യം ഉറപ്പിച്ചു-രോഗം മാരകമായ ‘എബോള’ തന്നെ. തെല്ലും വൈകിയില്ല. ഡോക്ടര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. അവര്‍ ലോകാരോഗ്യ സംഘടനയെയും. മിന്നല്‍ വേഗത്തിലാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ തലസ്ഥാനമായ കമ്പാലയിലെത്തിയത്. അവര്‍ യോഗം ചേര്‍ന്നു. പരീക്ഷണങ്ങള്‍ നടത്തി. രോഗികള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍. നിശ്ചിതമായ ആശുപത്രികള്‍. ചികിത്സകര്‍ക്ക് പ്രത്യേക കുപ്പായങ്ങളും കയ്യുറകളും മുഖംമൂടികളും. എല്ലായിടത്തും അണുനാശിനി തളിക്കല്‍. ഒടുവില്‍ അവര്‍ ജയിച്ചു. 2000 ഒക്ടോബറില്‍ കണ്ടെത്തിയ രോഗത്തെ 2001 ഫെബ്രുവരിയില്‍ പിടിച്ചുകെട്ടി ലക്ഷങ്ങള്‍ മരിച്ചുവീഴേണ്ട ആഫ്രിക്കയില്‍നിന്ന് രോഗം മൂലം മരിച്ചത് കേവലം 224 പേര് മാത്രം. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയാം, അതിലൊരാള്‍ രോഗം ആദ്യമായി കണ്ടെത്തി ലോകത്തെ അറിയിച്ച ഡോ. മാത്യു ലുക് ആയിരുന്നു. വുഹാനില്‍ കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയ യുവ ഡോക്ടര്‍ ലീ വെന്‍ ലിയാങ്ങിന്റെ ഗതിയും മറിച്ചായിരുന്നില്ല.
ഇന്ന് ലോകത്ത് ഏത് ദുരന്തം സംഭവിച്ചാലും സഹായവുമായി അവിടെയെത്തുന്ന ജീവകാരുണ്യ സംഘടനയാണ് ലോകാരോഗ്യ സംഘടന അഥവാ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്. എബോളയോ സാര്‍സോ മലേറിയയോ കോവിഡോ പോലെയുള്ള മഹാമാരികളായാലും, സുനാമിയോ ചുഴലിക്കാറ്റോ അഗ്നിപര്‍വതസ്ഫോടനമോ പോലെയുള്ള പ്രകൃതി ദുരന്തങ്ങളായാലും സേവനത്തിന് ലോകാരോഗ്യ സംഘടന റെഡി. പക്ഷേ ആ നന്മ അറിയാതെ പോകുന്നവരും ലോകത്തുണ്ട്. അതുകൊണ്ടാണല്ലോ കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സംഘടനയ്ക്കുള്ള ധനസഹായം വന്‍തോതില്‍ വെട്ടിക്കുറച്ചത്.
ലോകത്ത് ഒട്ടേറെ രാജ്യങ്ങളുണ്ട്. അവിടെ വ്യത്യസ്ത സംസ്കാരവും വേറിട്ട ജീവിതരീതിയുമുള്ള ജനങ്ങളുമുണ്ട്. പക്ഷേ എല്ലാവരും മനുഷ്യരാണ്. ഓരോ രാജ്യത്തിന്റെയും പ്രശ്നങ്ങള്‍ ലോകരാജ്യങ്ങളുടെ പ്രശ്നങ്ങളാണ്. അതിന് അതിര്‍ത്തികളില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് ‘എല്ലാവര്ക്കും ആരോഗ്യം’ എന്ന മഹത് സന്ദേശവുമായി ലോകാരോഗ്യസംഘടന പിറന്നുവീണത്. ഐക്യരാഷ്ട്രസഭ(യുഎന്‍) ഒരു അന്തരാഷ്ട്ര ആരോഗ്യ സംഘടന രൂപീകരിക്കാന്‍ അങ്ങനെയാണ് 1945 ല്‍ തീരുമാനമെടുത്തത്. തൊട്ടടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അന്തര്‍ദേശീയ ആരോഗ്യ സമ്മേളനം ലോകാരോഗ്യസംഘടനയുടെ ഭരണഘടനയ്ക്ക് അംഗീകാരം നല്കി. 1948 ഏപ്രില്‍ ഏഴിന് സംഘടനയുടെ ആദ്യ അസംബ്ലി ജനീവയില്‍ ചേര്‍ന്നു. അംഗരാജ്യങ്ങള്‍ നല്കുന്ന സംഭാവനയാണ് സംഘടനയുടെ പ്രവര്‍ത്തന മൂലധനം. ഒരു സെക്രട്ടറി ജനറലും അദ്ദേഹത്തിനൊപ്പം അംഗരാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 32 അംഗ ഭരണസമിതിയുമാണ് ലോകാരോഗ്യസംഘടനയെ നയിക്കുന്നത്. ടെഡ്രോസ് അദനം ഗബ്രിയോസ് ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍. ഇന്ത്യാക്കാരിയായ സൗമ്യാ സ്വാമിനാഥന് ചീഫ് സയന്റിസ്റ്റും. സ്വിറ്റ്സര്‍ലന്റിന്റെ തലസ്ഥാനമായ ജനീവയാണ് ആസ്ഥാനം.
മൂന്നാം ലോകരാജ്യങ്ങളിലെ ഏറ്റവും വലിയ ആളെക്കൊല്ലി ആയിരുന്ന ‘മലേറിയ’യെ നേരിടുന്നതായിരുന്നു ലോകാരോഗ്യസംഘടന ഏറ്റെടുത്ത ആദ്യ ലക്ഷ്യം. 1955 ല്‍ ആരംഭിച്ച മലേറിയ നിര്‍മാര്‍ജനം വന്‍ വിജയമായി. അതിന്റെ ഭാഗമായി, പില്ക്കാലത്ത് സംഘടന ആരംഭിച്ച ‘റോള്‍ബാക്ക് മലേറിയ’ പ്രസ്ഥാനം കൊതുക് വലകള്‍ പ്രചരിപ്പിച്ചു. അതോടെ മലേറിയ ബാധിച്ചു മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് സംഭവിച്ചത്. ആഗസ്റ്റ് 20 ന് ലോക കൊതുക് ദിനം ആചരിക്കാന്‍ തുടങ്ങിയതും ഈ മലേറിയ നിര്‍മാര്‍ജന പരിപാടികളുടെ ഭാഗമായാണ്.
വസൂരി എന്ന ഭീകര രോഗമായിരുന്നു ലോകാരോഗ്യ സംഘടനയുടെ അടുത്ത ലക്ഷ്യം. അങ്ങനെ വസൂരിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പി(ഗോവസൂരി പ്രയോഗം)ന് ഈ ലോക സംഘടന 1958ല്‍ തുടക്കം കുറിച്ചു. വസൂരിക്ക് കാരണക്കാരനായ ‘വാരിയോള മേജര്‍’ എന്ന വൈറസിനെ ഈ പ്രതിരോധ കുത്തിവയ്പ്പ് തകര്‍ക്കുക തന്നെ ചെയ്തു. സൊമാലിയയില്‍ 1977ലാണ് ഏറ്റവും അവസാനമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒടുവില്‍ 1980ല്‍ വസൂരിക്കെതിരായ വാക്സിനേഷന് അവസാനിപ്പിച്ചു.
കുഷ്ഠരോഗ നിയന്ത്രണം, ജനനനിയന്ത്രണം എന്നിവയും ലോകാരോഗ്യ സംഘടന വെല്ലുവിളിയായി സ്വീകരിച്ചു. നല്ല കുടിവെള്ളം കിട്ടാക്കനിയായ ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ വയറിളക്കം മൂലം വലയുന്നതിനും ഈ സംഘടന പരിഹാരവുമായെത്തി-ലോകമെങ്ങും സൗജന്യമായി വിതരണം ചെയ്യുന്ന ഒ.ആര്.എസ്. മിശ്രിതവുമായി. പോ
ളിയോ, മീസില്‍സ്, ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്, ക്ഷയം തുടങ്ങി കുട്ടികളെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്കെതിരെ ലോകവ്യാപകമായി നടത്തിയ പ്രതിരോധ കുത്തിവെയ്പ്പും ലോകാരോഗ്യ സംഘടനയുടെ തൊപ്പിയില്‍ വിജയത്തിന്റെ പൊന്‍തൂവല്‍ ചാര്‍ത്തി.
പുകവലിക്കെതിരെ സന്ധിയില്ലാ സമരമാണ് ലോകാരോഗ്യ സംഘടന നടത്തുന്നത്. സംഘടന രൂപപ്പെടുത്തിയ ആദ്യത്തെ അന്തര്‍ദേശീയ ഉടമ്പടി തന്നെ അംഗരാജ്യങ്ങളിലെ പുകയില ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പുകയില ഉപയോഗത്തിലെ ആപത്ത് നാട്ടാരെ ഓര്‍മിപ്പിക്കുന്നതിന് ജനീവയിലെ ആസ്ഥാനത്ത് ലോകാരോഗ്യസംഘടന ഒരു ‘മരണ ഘടികാരം’ (ഡെത്ത് ക്ലോക്ക്) തന്നെ സ്ഥാപിച്ചിരിക്കുന്നു. ലോകത്ത് പുകവലി രോഗങ്ങള്‍ മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം തല്‍സമയം കൂട്ടിച്ചേര്‍ത്ത് പെരുക്കിക്കാണിക്കുന്നതാണ് ഈ ‘മരണഘടികാരം.’
കുട്ടികളിലെ പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതിനായി പഴം-പച്ചക്കറി ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി നടപ്പില്‍ വരുത്തിയ ‘ഫൈവ് എ ഡേ’ എന്ന പദ്ധതിയും ഏറെ ശ്രദ്ധേയമായിരുന്നു. സൂര്യപ്രകാശത്തിലെ അപകടകാരികളായ അള്‍ട്രാ-വയലറ്റ് കിരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും ലോകാരോഗ്യ സംഘടന ലോകത്തെങ്ങുമുള്ള കുട്ടികളെ സഹായിച്ചു.
പോളിയോ നിര്‍മാര്‍ജനമായിരുന്നു സംഘടനയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്ന മാരകരോഗം. നാഡീവ്യൂഹങ്ങളെ ആക്രമിച്ച് മണിക്കൂറുകള്‍കൊണ്ട് ശരീരം തളര്‍ത്തിക്കളയുന്ന ക്രൂരരോഗം. 1988ലാണ് സംഘടന പോളിയോ രോഗത്തിനെതിരെ കടുത്ത യുദ്ധം ആരംഭിക്കുന്നത്. 2002 ല്‍ യൂറോപ്പ് പോളിയോ മുക്ത ഭൂഖണ്ഡായി പ്രഖ്യാപിക്കപ്പെട്ടു. കല്‍ത്തീരവും തുരുത്തും മുതല്‍ കൊടുംകാട്ടിലെ ആദിവാസി ഊരുകളിലും യുദ്ധമുഖത്തും വരെ ആരോഗ്യപ്രവര്‍ത്തകര്‍ പോളിയോ തുള്ളിമരുന്നുകളുമായി കടന്നുചെന്നു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. എങ്കിലും പോളിയോ നിര്‍മാര്‍ജനം പൂര്‍ണമായും വിജയിച്ചിട്ടില്ല. യുദ്ധം, ആഭ്യന്തര കലഹം, മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയാണ് പോളിയോ യുദ്ധത്തില്‍ പൂര്‍ണ വിജയം നേടുന്നതിന് തടസ്സം നില്ക്കുന്ന ഘടകങ്ങള്‍.
ആരോഗ്യം അമൂല്യമാണെന്നും ആരോഗ്യ സംരക്ഷണത്തിലൂടെ മനുഷ്യജീവിതം സന്തുഷ്ടമാക്കാമെന്നും ലോകാരോഗ്യ സംഘടന കരുതുന്നു. അതിനാലാണ് ലോകജനതയുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ‘ആല്മ ആട്ട’ പ്രഖ്യാപനം 1978ല്‍ സംഘടന അംഗീകരിച്ചത്. അതിലൂടെ അംഗരാജ്യങ്ങളിലെ ജനങ്ങളുടെ പ്രാഥമിക ആരോഗ്യ സുരക്ഷ അതത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമായി.
1948 ഏപ്രില്‍ ഏഴിന് ആരംഭിച്ച ഈ മഹാപ്രസ്ഥാനം പക്ഷേ ഇന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്നു. തുടച്ചുനീക്കിയെന്നു കരുതുന്ന മാരകരോഗങ്ങള്‍ വീണ്ടും തല ഉയര്‍ത്തുന്നു. അവ ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധവും വൈരവും വര്‍ധിച്ചുവരുന്നു. ദാരിദ്ര്യവും പോഷകാഹാരക്കുറവും ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംഘടനയുടെ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കുന്നു. പുതിയ വാക്സിനുകള്‍ ഉണ്ടാവുന്നില്ല. സംഘടനയുടെ മുന്നേറ്റത്തിനാവശ്യമായ ഫണ്ട് നല്കുന്നതില് ഇന്ന് സമ്പന്ന രാജ്യങ്ങള്‍ പലപ്പോഴും വിട്ടു നില്ക്കുന്നു. പക്ഷേ ഇതുകൊണ്ടൊന്നും ഈ സംഘടന തളരില്ല. കാരണം ലോകജനതയ്ക്ക് ഈ മഹാപ്രസ്ഥാനം കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: