ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വയനാടിന്റെ ഡോക്ടര്‍ എന്ന ശീര്‍ഷകത്തില്‍ ഗൃഹലക്ഷ്മി പാക്ഷികത്തിന് സേവനം എന്ന വിഷയ വിവരത്തില്‍ രേഖപ്പെടുത്തിയ, മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ നാല്പതുവര്ഷമായി സേവനമനുഷ്ഠിച്ചു വരുന്ന ഡോ. സഞ്ജയ സുധാകര്‍ സഗ്ദേവിനെക്കുറിച്ചുള്ള ലേഖനം വായിക്കാന്‍ അവസരമുണ്ടായി. അതിന്റെ ടെക്സ്റ്റ് രീഷ്മാ ദാമോദറും, ആസ്പത്രിയിലെയും വീട്ടിലെയും ഫോട്ടോകള്‍ ശ്രീജിത് പി. രാജുമാണ് തയ്യാറാക്കിയത്. വിവേകാനന്ദ മെഡിക്കല്‍ മിഷന് ആരംഭിക്കുന്നതിനു മുമ്പ് മുതല്‍ ഡോക്ടര്‍ സഗ്ദേവ് അവിടെ എത്തിയതും, ആസ്പത്രിയടക്കമുള്ള മെഡിക്കല്‍ മിഷന്റെ സേവന പ്രവര്‍ത്തനങ്ങളേയും അടുത്തു നിരീക്ഷിച്ച ആളെന്ന നിലയ്ക്ക് ഗൃഹലക്ഷ്മി വായനക്കാര്‍ക്ക് നല്കിയതിനേക്കാള് എത്രയോ സംഗതികളാണ് മറച്ചുവച്ചതെന്നോര്ത്ത് ആശ്ചര്യപ്പെട്ടില്ല, പക്ഷേ മനസ്സില്‍ പുഞ്ചിരിയുണ്ടായി. ഗൃഹലക്ഷ്മിയുടെ ഉടമസ്ഥര്‍ അനുവര്‍ത്തിച്ചുവരുന്ന ഇക്കാലത്തെ കാപട്യം നിറഞ്ഞ നയം ഓര്‍ത്തുപോയി.
ഡോക്ടര്‍ സഗ്ദേവിന്റെ സേവനങ്ങളെക്കുറിച്ച് നിറഞ്ഞുതുളുമ്പുന്ന പ്രശംസയാണ് ലേഖനത്തില്‍ ചൊരിഞ്ഞത്. അദ്ദേഹത്തിന്റെ അമൃതത്വം തുളുമ്പി നില്ക്കുന്ന മനോഹര ചിത്രവുമുണ്ട്. മെഡിക്കല്‍ മിഷനിലെ ‘റൗണ്ടി’നിടെ രോഗിയെ പരിശോധിക്കുന്നതും പത്നിയോടും മകളോടുമൊപ്പം നില്ക്കുന്നതുമായ ചിത്രങ്ങളും നല്കിയിരിക്കുന്നു. മകളും തന്റെ സേവന പാത സ്വീകരിക്കുമെന്ന പ്രത്യാശയും അദ്ദേഹത്തിനുള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്. അരിവാള്‍ രോഗം എന്ന പേരില്‍ വയനാട്ടിലെ ഗിരിവര്‍ഗജനതയെ മൂന്നു പതിറ്റാണ്ടു കാലമായി കിടിലംകൊള്ളിച്ചുവന്ന ‘സിക്കിള്‍ സെല്‍ അനീമിയാ’ വൈറസ് രോഗത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സയും പരിഹാരവും പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രദാനം ചെയ്യുന്നത് ഡോ.സഗ്ദേവിന്റെ നേതൃത്വത്തില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനാണ് എന്നും പറഞ്ഞിട്ടുണ്ട്. അതു മെഡിക്കല്‍ മിഷന്റെ അന്തസ്സും പ്രശസ്തിയും വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഗൃഹലക്ഷ്മിയുടെ ചുമതലക്കാര്‍, മാനേജുമെന്റായാലും ഉടമസ്ഥരായാലും നയരൂപീകര്ത്താക്കളായാലും മറച്ചുവയ്ക്കാന്‍ മിനക്കെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത് ഈ പംക്തിയുടെ പേരിനോടു ചെയ്യുന്ന അനീതിയായിരിക്കുമെന്നു കരുതുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശത്താല്‍ പ്രേരിതമായി നടത്തപ്പെടുന്ന ഗിരിജന സേവന പ്രവര്‍ത്തനങ്ങളുടെ കേരളത്തിലെ കൊടിക്കപ്പലായിത്തന്നെ കണക്കാക്കാവുന്ന സ്ഥാപനമാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന്. 1960കളുടെ അവസാനത്തോടെ വയനാട് ആദിവാസി സംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്ഥാനം, ഗിരിവര്‍ഗക്കാരുടെ അപഹരിക്കപ്പെട്ട ഒട്ടേറെ സ്വത്തുക്കളും സ്വത്വങ്ങളും സംരക്ഷിക്കാന്‍ നടത്തിയ സമരങ്ങളടക്കമുള്ള പ്രസ്ഥാനങ്ങള്‍ അക്കാലത്തു ദേശവ്യാപക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗിരിജനങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മാത്തൂര്‍ കമ്മീഷന് റിപ്പോര്‍ട്ടിലും അവ പരാമര്‍ശിക്കപ്പെട്ടു.
സംഘത്തിന്റെ പ്രേരണയോടുകൂടി നടന്നുവന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അടിയന്തരാവസ്ഥയ്ക്കുശേഷം വനവാസി വികാസ കേന്ദ്രമെന്ന പേരില്‍ ഊര്‍ജസ്വലമായി. വയനാട്ടില്‍ പ്രചാരകനായിരുന്ന സി.എസ്. മുരളീധരന്റെ (ഇപ്പോള്‍ എറണാകളും കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമ ചുമതല) സമ്പര്‍ക്കത്തില്‍ വന്ന എ.വി. രാധാഗോപി മേനോന് തന്റെ അധീനത്തിലുണ്ടായിരുന്ന സ്കൂള്‍ കെട്ടിടവും സ്ഥലവും വനവാസി ക്ഷേമ പ്രവര്‍ത്തനത്തിനു കൊടുക്കാന്‍ സന്നദ്ധത കാട്ടി. ആ സ്ഥലത്താണ് വിവേകാനന്ദ മെഡിക്കല്‍ മിഷന് സ്ഥിതിചെയ്യുന്നത്.
മെഡിക്കല്‍ മിഷന് എന്ന ആശയം വന്നത് മലബാറിലെ ആദ്യകാല സംഘ പ്രചാരകനായിരുന്ന ശങ്കര്‍ശാസ്ത്രി വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്താണ്. മുംബൈയിലായിരുന്നു തുടക്കം. ഔഷധവ്യാപാരികളില്നിന്നു മരുന്നുകള്‍ സൗജന്യമായി വാങ്ങിയും, ഡോക്ടര്‍മാര്‍ക്ക് കമ്പനികളില്‍നിന്നു കിട്ടുന്ന സാമ്പിള്‍ മരുന്നുകള്‍ ശേഖരിച്ചും വനവാസികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പരിപാടി ശാസ്ത്രിജി തയാറാക്കി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പ്രാന്തപ്രചാരകനും പില്ക്കാലത്ത് വനവാസി കല്യാണാശ്രമത്തിന്റെ ജീവാത്മാവുമായ കെ. ഭാസ്കര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് മുട്ടില്‍ സ്ഥലം ലഭ്യമാകുമെന്ന സ്ഥിതി വന്നത്. അങ്ങനെ മെഡിക്കല്‍ മിഷന് രജിസ്റ്റര്‍ ചെയ്തു. സ്ഥലം ലഭ്യമായപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ കേരളത്തിലെ മുഖ്യപ്രവര്ത്തകനായിരുന്ന കാശി വിശ്വനാഥന് അവിടെ വന്നു താമസിച്ച് ചികിത്സാ കാര്യങ്ങള്‍ സംഘടിപ്പിച്ചു. സംഘത്തോടും വനവാസികളോടും താല്പര്യമുള്ള ചില ഡോക്ടര്‍മാര്‍ വന്ന് രോഗ പരിശോധന നടത്തി. കോട്ടയത്തുകാരന് ഡോ. ശബരീനാഥന് എന്ന കൃഷ്ണമൂര്‍ത്തി, ഭാസ്കര്‍ റാവുവിന്റെ നിര്‍ദ്ദേശപ്രകാരം അവിടെ കുറേ നാള് താമസിച്ചു ചികിത്സ നടത്തി. അദ്ദേഹം ആയുര്വേദക്കാരനായിരുന്നു.
സംഘസ്ഥാപകന് പൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി വരുമ്പോഴേക്ക് വിവിധരംഗങ്ങളിലുള്ള സമാജസേവന രംഗത്ത് സംഘം വിപുലമായി പ്രവേശിക്കണമെന്നും, സമാജത്തിലെ അവഗണിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും സര് സംഘചാലക് ബാളാസാഹേബ് ദേവറസ് നല്കിയ ആഹ്വാനം ചെവിക്കൊണ്ട് രാജ്യമെങ്ങും വിവിധ രംഗങ്ങളില്‍ സ്വയംസേവര്‍ പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളോടുള്ള ദേവറസ്ജിയുടെ ആഹ്വാനം പഠിത്തം പൂര്‍ത്തിയാക്കി ഏതാനും വര്‍ഷക്കാലത്തെങ്കിലും സേവനരംഗത്തിറങ്ങണമെന്നായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞുവന്ന ഡോ.ധനഞ്ജയ് സഗ്ദേവ് പ്രചാരകനാകാനുള്ള മോഹം ബാളാ സാഹിബിനെ അറിയിച്ചതോടെ വയനാട്ടിലേക്കയയ്ക്കപ്പെട്ടു. നാഗ്പൂരില്‍നിന്ന് കേരളത്തിലെത്തിയ ദത്തോപന്ത് ഠേംഗ്ഡി, ശങ്കര്‍ ശാസ്ത്രി, ദത്താജി ഡിഡോള്‍ക്കര്‍ മുതലായവരുടെ ചുവടുപിടിച്ച് ഡോ. സഗ്ദേവും കേരളത്തില്‍വന്നു. വയനാട്ടിലെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ചുമതലയേറ്റെടുത്തു. ആ ആതുര ശുശ്രൂഷാ കേന്ദ്രം അദ്ദേഹത്തിന്റെ നേതൃത്വത്തിലും, ഭാസ്കര്‍ റാവുജിയുടെ മാര്‍ഗദര്‍ശനത്തില്‍ പി.വി. കരുണാകരന്, ഇപ്പോഴത്തെ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് തുടങ്ങിയവരുടെ ഉത്സാഹത്തിലും വയനാട്ടിലെ പ്രശസ്ത സ്ഥാപനമായി. പല വ്യവസായ സ്ഥാപനങ്ങളും തേയിലക്കമ്പനികളും ഉദാരസഹായങ്ങള്‍ നല്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഗ്രാമീണ മേഖലകളിലെ ആതുരശുശ്രൂഷയ്ക്കായി ലഭിച്ച സഞ്ചരിക്കുന്ന ആസ്പത്രികള്‍ ഏതാനും എണ്ണം വെറുതെ തുരുമ്പു പിടിച്ചുകിടക്കുന്നുണ്ടായിരുന്നു. ഒട്ടേറെ വാതിലുകള്‍ മുട്ടിവിളിച്ചും അപേക്ഷകള്‍ അയച്ചും അതിലൊരെണ്ണം മെഡിക്കല്‍ മിഷന് അനുവദിച്ചു കിട്ടി. ആദിവാസി ഊരുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചെന്നു രോഗപരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റുമുള്ള സൗകര്യങ്ങളുമായി ആ സഞ്ചരിക്കുന്ന ആസ്പത്രി കൃത്യമായ സമയക്രമം പാലിച്ച് വയനാട്ടിലാകെ സഞ്ചരിച്ചു.
ഡോക്ടര്‍ സഗ്ദേവിനെ കേരളീയനാക്കാനുള്ള അവസരവും വന്നുചേര്‍ന്നു. 1940 കളില്‍ തന്നെ കോഴിക്കോട്ടെ സംഘപ്രവര്‍ത്തനത്തില്‍ സജീവ ഭാഗഭാക്കായിരുന്നു ശ്രീറാം ഗുര്‍ജര്‍. മറാഠി മാതൃഭാഷയായ അദ്ദേഹത്തിന്റെ കുടുംബം കോഴിക്കോട്ടെ റെഡ്ക്രോസ് റോഡില്‍ സംഘവൃത്തങ്ങളില്‍ പ്രശസ്തമാണ്. സംഘപ്രസ്ഥാനങ്ങളുടെ ദേശീയ തലത്തിലുള്ളവരില്‍ അവര്‍ ആതിഥേയത്വം വഹിക്കാത്തതായി ആരുമുണ്ടാവില്ല. പൂജനീയ ഗുരുജി, ബാളാ സഹേബ് ദേവറസ്, രജ്ജു ഭയ്യാ, ദീനദയാല്‍ജി തുടങ്ങി ആരും. സംഘസംബന്ധമായ ഏതു രംഗത്തും ശ്രീറാം ഗുര്‍ജര്‍ മുന്നിലുണ്ടായിരുന്നു. വീര സാവര്‍ക്കറുടെ മൃത്യുഞ്ജയ ദിനം പ്രമാണമിച്ച് അദ്ദേഹത്തിന്റെ സമഗ്ര വാങ്മയം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് ‘ഒന്നാം സ്വാതന്ത്ര്യ സമര’ത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. ഭാസ്കര്‍ റാവു, ശങ്കര്‍ശാസ്ത്രി തുടങ്ങിയവരുടെയും മുതിര്‍ന്ന സംഘാധികാരിമാരുടെയും ആശീര്‍വാദത്തോടെ ശ്രീറാം ഗുര്‍ജര്‍ തന്റെ പുത്രി സുജാതയെ ഡോ. ധനഞ്ജയ സഗ്ദേവിന് ധര്‍മപത്നിയായി നല്കി. ഡോക്ടര്‍ മുട്ടിലെ സ്വന്തം വീട്ടില്‍ താമസവുമായി. ഗൃഹലക്ഷ്മി പറഞ്ഞതുപോലെ മുട്ടില്ക്കാരനായി.
ഭാസ്കര്‍റാവുജിയുടെ ആഗ്രഹമായിരുന്നു മെഡിക്കല്‍ മിഷനില്‍ അമൃതകുംഭമേന്തി നില്ക്കുന്ന ധന്വന്തരി മൂര്‍ത്തിയുടെ ക്ഷേത്രം നിര്‍മിക്കണമെന്നത്. 1992ല്‍ അതിന്റെ പ്രതിഷ്ഠാകര്‍മത്തില്‍ കല്യാണാശ്രമ സ്ഥാപകന്‍ ബാലാസാഹബ് ദേശപാണ്ഡേയടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്തിരുന്നു.
വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ മറ്റൊരാസ്പത്രി അട്ടപ്പാടിയിലും പ്രവര്‍ത്തിക്കുന്നുണ്ട്; സഹോദര സ്ഥാപനമായി. ഡോ. സഗ്ദേവിനെ പരിചയപ്പെടുത്തിയ ഗൃഹലക്ഷ്മി അദ്ദേഹത്തെ അതിനു സന്നദ്ധനാക്കിയ മഹാപ്രസ്ഥാനത്തെ മറച്ചുവെച്ചതു നിര്‍ദോഷമായ നടപടിയല്ല എന്നു തോന്നിയതുകൊണ്ടാണിത്രയും കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: