മുത്തങ്ങ: സംസ്ഥാനത്തെ അതിര്‍ത്തികളില്‍ രജിസ്ട്രേഷനും പാസുമില്ലാത്തതിനാല് കുടുങ്ങിക്കിടക്കുന്നത് അന്യ സംസ്ഥാനത്ത് നിന്നെത്തിയ നിരവധി മലയാളികള്‍. മഞ്ചേശ്വരം, വാളയാര്‍ ചെക്ക് പോസ്റ്റുകളിലാണ് അധികം ആളുകളും കുടുങ്ങിയത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ തിരക്ക് കുറവാണ്.
കൃത്യമായ പാസില്ലാതെ ആളുകള്‍ കൂട്ടമായി എത്തുമ്പോള്‍ പാസ് ലഭിച്ച് നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാനെത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇവര്‍ക്ക് പെട്ടെന്ന് ആരോഗ്യ പരിശോധനയും മറ്റും നടത്തി യാത്രാ അനുമതി നല്കാന് പോലും ഏറെ സമയമെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊവിഡ് 19 ജാഗ്രതാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ മുത്തങ്ങ ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. മൂലഹള്ള ചെക്പോസ്റ്റില്‍ തന്നെ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി അര്‍ഹരല്ലാത്തവരെ കര്‍ണാടകയിലേക്ക് തിരിച്ചയക്കും. ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ യാത്രക്കാര്‍ എത്താന്‍ പാടുള്ളൂവെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ്-19 ജാഗ്രത പാസ് ഉപയോഗിച്ചാണ് അയല്‍ സംസ്ഥാനത്ത് നിന്നും പ്രവേശനം അനുവദിക്കുന്നത്.
സ്ഥലത്തെത്തി കുടിങ്ങിക്കിടക്കുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയുമുണ്ട്. കനത്ത ചൂടും ഇവര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.
നേരത്തെ, പുറപ്പെടുന്ന സംസ്ഥാനത്തിന്റേയും എത്തിച്ചേരണ്ട സംസ്ഥാനത്തിന്റേയും പാസ് അതിര്‍ത്തി കടക്കുമ്പോള്‍ വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് പലരും അതിര്‍ത്തിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: