ന്യൂദല്‍ഹി: ദല്‍ഹിയില്‍ തബ്ലീഗി ജമാഅത്ത് സംഭവത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നിസാമുദ്ദീന്‍ മര്‍കസ് മേധാവി മൗലാന സാദിന്റെയും മറ്റ് 7 പേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ദല്‍ഹി ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഈ അക്കൗണ്ടുകള്‍ വഴിയാണ് സംഘടനയ്ക്ക് വിദേശ ധനസഹായം ലഭിക്കുന്നത്.
പഴയ ദല്‍ഹിയിലെ ലാല്‍ കുവാനിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മര്‍കസിന്റെ പ്രധാന അക്കൗണ്ടും സീല്‍ ചെയ്തിട്ടുണ്ട്. മര്‍കസുമായി ബന്ധപ്പെട്ട ആളുകളുടെ 32 അക്കൗണ്ടുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ദേശീയ തലസ്ഥാനത്ത് സമ്മേളനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ലോകമെമ്പാടുമുള്ള ആളുകള്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍കസ് മാര്‍ച്ച് മുതല്‍ വിവിധ ഏജന്‍സികളുടെ അന്വേഷണത്തിലാണ്. വിദേശ ധനസഹായം അന്വേഷിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ സീല്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് പ്രതിരോധ കാലത്തും മാനദണ്ഡങ്ങൾ പാലിക്കാതെ നിസാമുദ്ദീൻ പള്ളിയിൽ ആയിരക്കണക്കിന് ആൾക്കാരെ ഉൾപ്പെടുത്തി തബ്ലീഗ് മതസമ്മേളനം നടത്തിയതിന് മൗലാന സാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: