കോട്ടയം: കൊറോണ കണ്ട്രോള് റൂമില്‍ നിന്ന് നേരെ കതിര് മണ്ഡപത്തിലേക്ക്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കൊറോണക്കെതിരായ പോരാട്ടത്തിന്. സമൂഹത്തിന് മാതൃകയായി മാറുകയാണ് ഡോക്ടര്‍ ദമ്പതികളായ കുടമാളൂര്‍ കാരയ്ക്കാട്ടില്ലത്ത് (കലാഭവന്‍) ഡോ. കെ.എന്‍. ഹരിശങ്കറും തിരുവനന്തപുരം ഇടയവനത്തു മഠത്തില്‍ ഡോ. അമൃത ജഗദീഷും. ഇവരുടെ വിവാഹം വ്യാഴാഴ്ച തിരുവനന്തപുരം മുദാക്കല്‍ ദേവീക്ഷേത്രത്തിലാണ് നടന്നത്.
കോട്ടയം മെഡിക്കല്‍ കോളേജ് കൊറോണ കണ്ട്രോള് യൂണിറ്റിലാണ് ഡോ. ഹരിശങ്കര്‍. ചൊവ്വാഴ്ച വരെ ജോലിനോക്കിയ ശേഷം ബുധനാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരത്തേക്ക് യാത്രയായത്്. വിവാഹമാണെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയന്ത്രണങ്ങള്‍ കാരണം അഞ്ചുപേരാണ് വിവാഹത്തിന് പങ്കെടുത്തത്. ബന്ധുക്കള്‍ സൂം ആപ്പിലൂടെ വിവാഹം കണ്ടു. ബാര്‍ബര്‍ ഷോപ്പ് ഇല്ലാത്തതിനാല്‍ വരന്റെ തലമുടിയൊരുക്കിയത് മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്. യാത്രകളും വിരുന്നും ആഘോഷങ്ങളും ഒഴിവാക്കി അടുത്ത ദിവസം തന്നെ ഡോക്ടര്‍ ഹരിശങ്കര്‍ തിരിച്ച് കണ്ട്രോള് റൂമിലെത്തും.
മെഡി. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഹരിശങ്കര്‍. അച്ഛന് നാരായണന് നമ്പൂതിരി. അമ്മ സുധ. സഹോദരി ഡോ. കല തിരുവനന്തപുരം എസ്യുടിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭര്‍ത്താവ് രാഗേഷ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിചെയ്യുന്നു. നാടൊന്നാകെ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ വിവാഹത്തിന്റെ ധന്യമുഹൂര്‍ത്തങ്ങള്‍ മാറ്റിവെച്ച് ഡോക്ടര്‍ ഹരിശങ്കര്‍ ആതുരസേവനത്തില്‍ സജീവമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: