പേരാമ്പ്ര: ലോക്ഡൗണ്‍ കാലത്ത് ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം വീണ്ടും സജീവമായി. ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് സമരസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ സൂചനാ സമരം നടത്തും.
ഇന്ന് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരമാണ് ലോക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വീടുകളിലെ സൂചനാ സമരമാക്കി മാറ്റിയതെന്ന് കണ്‍വീനര്‍ ദിലീഷ് കൂട്ടാലിട അറിയിച്ചു.
വൈകീട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെ വീടുകളില്‍ ധര്‍ണ സമരം നടത്താനാണ് തീരുമാനം. ലോക് ഡൗണ്‍ കാലത്ത് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി ക്വാറി കമ്പനിക്ക് തട്ടിക്കൂട്ടിയ പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാനുള്ള നീക്കമാണ് നടത്തുന്നത്.
ഈ നടപടിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറിയിട്ടില്ലെങ്കില് അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: