ജനീവ: കൊറോണ മഹാമാരി ജീവനെടുത്തവരുടെ എണ്ണം ലോകത്ത് രണ്ടേമുക്കാല്‍ ലക്ഷം കടന്നെന്ന് റിപ്പോര്‍ട്ട്. നാല്‍പ്പത് ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 48,931 പേരാണ് നിലവില്‍ തീവ്രപരിചരണത്തിലുള്ളത്. 13,49,699 പേര്‍ക്ക് രോഗം ഭേദമായി.
അമേരിക്കയില്‍ കഴിഞ്ഞ ദിവസവും മുപ്പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 83 ലക്ഷം പരിശോധനകളാണ് ഏറ്റവുമധികം രോഗബാധിതരുള്ള അമേരിക്കയില്‍ ഇതുവരെ നടത്തിയത്. ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്കടുത്തു.
റഷ്യയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ രോഗബാധിതരുടെ എണ്ണം മാറ്റമില്ലാതെ പതിനായിരത്തിനു മുകളില്‍ തന്നെ തുടരുന്നു.
ഓസ്ട്രേലിയയില്‍ മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കി സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു. ജൂലൈയോടെ എല്ലാം പഴയപടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ ഇന്നലെ മാത്രം 1764 പേര്‍ക്ക് കൊറോണ കണ്ടെത്തി. ആകെ 25,837 രോഗബാധിതരാണുള്ളത്. 594 പേര് ഇതുവരെ മരണമടഞ്ഞു.
അതേസമയം, ജപ്പാനില്‍ ഒരു മാസത്തിനിടെ ആദ്യമായി ഇന്നലെ നൂറില്‍ താഴെ മാത്രം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: