തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം മൂന്നാഘട്ടവും ഉണ്ടായേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേരളഘടകം വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. മൂന്നാംഘട്ടത്തില്‍ ദിനം പ്രതി 100 മുതല്‍ 200 വരെ രോഗികളുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഡോ. സുല്‍ഫി ജന്മഭൂമിയോട് പറഞ്ഞു.
ഈ മാസം 17ന് ലോക്ഡൗണ്‍ അവസാനിച്ചാലും രോഗവ്യാപനം തീര്‍ന്നു എന്ന് പറയണമെങ്കില്‍ ജൂണ്‍ പകുതി എങ്കിലും കഴിയണം. പ്രവാസികളും ഇതര സംസ്ഥാനത്ത് ഉള്ളവരും ഇവിടെ എത്തി 14 ദിവസം കഴിഞ്ഞാല്‍ മാത്രമേ സംസ്ഥാനത്തെ ആരോഗ്യസ്ഥിതി എങ്ങോട്ടെന്ന് മനസിലാകൂ. അതിന് ജൂണ്‍ 15 വരെയെങ്കിലും സമയമെടുക്കും. പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ 14 ദിവസം ക്വാറന്റൈന് വേണമെന്നതാണ് യുക്തി. എന്നാല്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധനാഫലം നെഗറ്റീവെങ്കില്‍ വീട്ടിലെ ക്വാറന്റൈനില്‍ അയയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വീട്ടിലെ നിരീക്ഷണത്തില്‍ ചെറിയ തകരാറ് സംഭവിച്ചാല്‍ ഇതുവരെയുള്ള നേട്ടം നഷ്ടമാകും.
വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ മുറിക്ക് പുറത്തിറങ്ങി മറ്റുള്ളവരുമായി സഹകരിച്ചാലും അവര്‍ വഴി സമൂഹത്തിലേക്ക് രോഗം എത്താം. അതിനാല്‍ അക്കാര്യത്തില്‍ അതീവ ശ്രദ്ധയും കരുതലും ഉണ്ടാകണം. അവരെ സസൂഷ്മം നിരീക്ഷിച്ചില്ലെങ്കില്‍ ചിലപ്പോള്‍ രോഗവ്യാപനത്തിന് കാരണമാകും. ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരുടെ കാര്യത്തിലും ഈ ജാഗ്രത ഉണ്ടാകണം. തമിഴ്നാട് അടക്കമുള്ളിടങ്ങളില്‍ ഇതരസംസ്ഥാനത്ത് യാത്രകഴിഞ്ഞ് എത്തിയവരിലൂടെയാണ് രോഗവ്യാപനം ഉണ്ടായത്.
സംസ്ഥാനത്തും ആദ്യഘട്ടത്തില്‍ വുഹാനില്‍ നിന്നെത്തിയവരും രണ്ടാം ഘട്ടത്തില്‍ വിദേശത്ത് നിന്നെത്തിയവരും രോഗം വ്യാപിപ്പിച്ചു. അതിനാല്‍ പ്രവാസികളുടെയും ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരും അതീവജാഗ്രതയോടെ നിരീക്ഷണത്തിലേക്ക് പോകണം. ജൂണ്‍ 15 കഴിഞ്ഞാലും കൂടിച്ചേരലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, സിനിമാ തീയേറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ കാര്യത്തിലും അതീവ ജാഗ്രത വേണമെന്നും ഡോ. സുള്‍ഫി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: