കോവിഡ് ബാധിച്ചില്ലെങ്കിലും നിലയില്ലാ കയത്തിലാണ് കോണ്‍ഗ്രസ്. രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും കാണുന്നില്ലെങ്കിലും കൈകാലിട്ടടിക്കുന്നു തകൃതിയായി. അതിപ്പോള്‍ ഏറെ പ്രകടമായി. കോവിഡ് 19 ന്റെ സാന്നിധ്യം ബോധ്യപ്പെട്ടപ്പോഴൊന്നും ആ പാര്‍ട്ടിയെ എവിടെയും കണ്ടില്ല. ദുരന്തഘട്ടത്തില്‍ മുഖ്യപ്രതിപക്ഷം സ്വീകരിക്കേണ്ട സമീപനമൊന്നും അവരില്‍ നിന്നുണ്ടായില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ജാഗ്രതയും കരുതലും കണ്ടില്ല. ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുന്നില്‍ ഇന്ന് വീരപുരഷനാണ്. ലോകത്തിന്റെ മരുന്നുപുരയായി ഇന്ത്യ മാറിയത് നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ശ്രമഫലമാണല്ലോ.
കോണ്‍ഗ്രസ് പാര്‍ട്ടി പക്ഷേ അത് അംഗീകരിക്കില്ല. ആപത്ധര്‍മ്മം പോലും വിസ്മരിച്ച് വിമര്‍ശനത്തിലാണവരുടെ ആമോദം. ഗുജറാത്തില്‍ കോവിഡ്-19 വ്യാപനത്തിന് കാരണം നരേന്ദ്രമോദിയാണെന്നാണ് കോണ്‍ഗ്രസിന്റെ ഗവേഷണശാലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ‘നമസ്തേ ട്രംപ്’ പരിപാടി നടത്തിയില്ലായിരുന്നുവെങ്കില്‍ കൊറോണ ഗുജറാത്തില്‍ കയറുകയേയില്ലായിരുന്നുവത്രേ. ഇത് കണ്ടെത്തിയത് രാഹുല്‍ തനിച്ചാണോ അതോ കെ.സി.വേണുഗോപാലും ചേര്‍ന്നാകുമോ? ചില കാര്യങ്ങള്‍ കണ്ടെത്താന്‍ വേണുഗോപാലിനുള്ള കഴിവ് ഒന്നുവേറെ തന്നെയാണെന്ന് മലയാളികള്‍ക്കെല്ലാം ബോധ്യമായതാണ്. ബോധ്യപ്പെട്ടവ മൊബൈല്‍ എസ്എംഎസ് വഴി ബന്ധപ്പെട്ടവരെ അറിയിക്കാനും അദ്ദേഹം മടിച്ചിട്ടില്ല.
പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് അഹമ്മദാബാദില്‍ നമസ്തേ ട്രംപ് നടത്തിയതാണ് കുഴപ്പമത്രേ. നരേന്ദ്രമോദി ആഹ്വാനം ചെയ്താല്‍ അഹമ്മദാബാദെന്നല്ല രാജ്യത്തിനകത്തും പുറത്തും പതിനായിരങ്ങള്‍ ഓടിയെത്തും. എന്നാല്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം കേട്ട് എത്ര പേര് ഇപ്പോള്‍ രംഗത്തിറങ്ങും? ഇറങ്ങും, നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന്. ഒരു പ്രമുഖ നേതാവ് പാര്‍ട്ടിയില്‍ നിന്നിറങ്ങാന്‍ ഒരു കാല് പൊക്കിയെന്ന് കേട്ടപ്പോള്‍ നിഷേധ കുറിപ്പുമായി നെട്ടോട്ടമോടുകയാണല്ലോ. ‘ഓന്ത് ഓടിയാല്‍ വേലിവരെ’ എന്നൊരു ചൊല്ലുണ്ട്. മറന്നുപോകരുത്.
കോവിഡ് 19 അഹമ്മദാബാദില്‍ മാത്രമല്ലല്ലോ. മഹാരാഷ്ട്രയില്‍ ട്രംപ് ഉണ്ടായിരുന്നോ? ഗുജറാത്തിനേക്കാള്‍ ഭീകരമല്ലെ അവിടത്തെ സ്ഥിതി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗികളും മരണവും ഉണ്ടായത് മഹാരാഷ്ട്രയിലല്ലേ. അവിടെ ഭരിക്കുന്നത് ബിജെപിയല്ലല്ലോ. ദല്‍ഹിയില്‍ നമസ്തെ ട്രംപൊന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നിട്ടും ട്രംപിന്റെ വരവിനെ കുറ്റപ്പെടുത്തുന്നതിനൊരു ഗുട്ടന്‍സുണ്ട്. ദല്‍ഹിയിലെ തബ്ലീഗ് സമ്മേളനമാണല്ലോ രോഗവ്യാപനം ഭീകരമാക്കിയത്. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.
തബ്ലീഗിനെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല, കടുംകൈ ചെയ്ത അവരുടെ നേതാവിനെതിരെ കേസെടുക്കുന്നതുപോലും അംഗീകരിക്കില്ല. ഘടകകക്ഷിയായ മുസ്ലീംലീഗിനെ രംഗത്തിറക്കി വര്‍ഗീയ വിദ്വേഷം വളര്‍ത്തി രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് മുതിരുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം വേട്ട നടത്തുകയാണെന്ന് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന മുസ്ലീം സമ്മേളനം കുറ്റപ്പെടുത്തിയിരിക്കുന്നു. ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്ക് യുപിയില്‍ രക്ഷയില്ലെന്നാണ് ലീഗിന്റെ പരിഭവം. അതിന് ഉദാഹരണമായി വിവരിച്ചതാകട്ടെ നൂറിലധികം ചോരക്കുഞ്ഞുങ്ങള്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഡോ. കഫീല്‍ ഖാന്റെ അറസ്റ്റ്. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയവരെ കസ്റ്റഡിയിലെടുത്തതും അവരെ പ്രകോപിതരാക്കിയിരിക്കുന്നു. തലയ്ക്ക് 12 ലക്ഷം വിലയിട്ട ഭീകരന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും ന്യൂനപക്ഷവേട്ടയായി ലീഗും കോണ്‍ഗ്രസും ഉയര്‍ത്തിക്കാട്ടുന്ന കാലം വിദൂരമല്ല. അത്രമാത്രം വേവലാതിയിലും വെപ്രാളത്തിലുമാണവര്.
ഇന്ത്യയുടെ ഡിഎന്‍എയാണ് കോണ്‍ഗ്രസിന്റെ എന്നത് രാഹുല്‍ പ്രസ്താവിച്ചിട്ട് ഏഴ് വര്‍ഷമേ ആയുള്ളൂ. കോണ്‍ഗ്രസിന്റെ ജയ്പ്പൂര്‍ സമ്മേളനത്തില്‍ ഉപാധ്യക്ഷനായി ചുമതലയേറ്റപ്പോഴാണ് ഈ വര്‍ത്തമാനം. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴേക്കും ഡിഎന്‍എ പോലും അവ്യക്തമായി. ആ സ്ഥാനത്തുനിന്നിറങ്ങിയശേഷം പറയുന്നതെന്തെന്നുപോലും രാഹുലിന് നിശ്ചയമില്ല.
കോവിഡിനെ ചെറുക്കുമ്പോള്‍ എല്ലാറ്റിനും ഒരു സുതാര്യത വേണമെന്നാണ് ഒടുവിലത്തെ ബോധോദയം. ഏതിലാണാവോ സുതാര്യത വേണ്ടത്. സുരക്ഷാ കവചങ്ങളൊന്നുമില്ലാതെ രോഗികളെ പരിചരിക്കണമെന്നാണോ ഉദ്ദേശിച്ചത്? ” എല്ലാവരും എന്നെ അഭിനന്ദിച്ചപ്പോള്‍ അമ്മ എന്റെ മുന്നിലെത്തി കരയുകയായിരുന്നു.” രാഹുല്‍ അന്നു പറഞ്ഞതാണ്. മകനെ ഓര്‍ത്താണ് ഇന്ന് അമ്മ കരയുന്നത്. എന്റെ മോന് വകതിരിവില്ലാത്തവനായി പോയല്ലോ എന്നോര്‍ത്ത്.
കേരളത്തിലെ ഭരണകക്ഷിക്കും സര്‍ക്കാരിനും അമ്മാതിരി വക തിരിവില്ലാതില്ല. ആളും തരവും നോക്കിയേ അവര്‍ പെരുമാറൂ. ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശ് ആള്‍ക്കൂട്ടത്തില്‍ നിന്ന് പലവ്യഞ്ജന കിറ്റ് നല്‍കിയത് തെറ്റ്. പോലീസ് കേസെടുത്തു. കൊടുങ്ങലൂര്‍ പോസ്റ്റാഫീസില്‍ അഞ്ച് അനുയായികളോടൊപ്പം ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന് കാര്‍ഡ് പോസ്റ്റ് ചെയ്തതും തെറ്റ്. എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ജനക്കൂട്ടത്തിനിടയില്‍ നിന്ന് പോത്തന്‍കോട് ഒരധ്യാപകനെ അടിമുടി ചൊറിയുന്ന വര്‍ത്തമാനം കൊണ്ട് മൂടിയത് മുഖ്യമന്ത്രി അറിഞ്ഞില്ല. പോലീസിന്റെ ശ്രദ്ധയിലും പെട്ടില്ല.
കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്ത് ഇരുനൂറോളം പേരുടെ യോഗം നടത്തിയതിലും തെറ്റ് കാണുന്നില്ല. ആ പഞ്ചായത്ത് ധര്‍മ്മടം നിയോജകമണ്ഡലത്തിലാണ്. അത് മുഖ്യമന്ത്രിയുടെ മണ്ഡലമാണല്ലൊ. അവിടെ അന്യദേശ തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്കുമ്പോള് കേരളത്തിന്റെ കരുതലും സല്‍ക്കാരവും മുഖ്യമന്ത്രിയുടെ വമ്പത്തരവും നാട്ടില്‍ പോയി വിളമ്പണമെന്നേ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ പ്രോട്ടോ കോള്‍ ലംഘനമെന്ന് ആര് പറയും? ആര് കേസെടുക്കും! അതല്ലെ വകതിരിവ്. കേരളത്തിന്റെ കരുതല്‍ കൊട്ടിപ്പാടാന്‍ കച്ചകെട്ടിയ ചില ചാനല്‍ വിദ്വാന്മാരുണ്ട്. അവരെയാണ് സമ്മതിക്കേണ്ടത്. പ്രവാസികളുമായി വിമാനം വരുമ്പോള്‍ വിശേഷണം പറയുന്ന ആവേശത്തില്‍ രണ്ടുവര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ സാധിക്കാത്ത ഗര്‍ഭിണിയായ ഊര്‍മ്മിളയുടെ ആഹ്ലാദത്തിന് അതിരുണ്ടായില്ലത്രേ. എങ്ങനെയുണ്ട് ഗര്‍ഭം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: