മൂലമറ്റം: ഓട്ടോറിക്ഷകള്‍ നിബന്ധനകള്‍ക്ക് വിധേയമായി നിരത്തിലിറങ്ങുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മൂലമറ്റത്ത് പ്രതിഷേധ സമരം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറായ പാമ്പൂരിക്കല്‍ കണ്ണനെതിരെ (ഉത്രാടം) കാഞ്ഞാര്‍ പോലീസ് കേസെടുത്തു. മാസ്ക് ഉപയോഗിച്ച് ആള്‍ക്കൂട്ടമില്ലാതെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചതിന് കേസെടുത്തത് ചെറിയ പ്രതിഷേധ സ്വരങ്ങളെ പോലും അടിച്ചമര്‍ത്താനുള്ള നടപടിയായി വിലയിരുത്തപ്പെടുന്നു.
ഓട്ടോറിക്ഷ ഓടിച്ച് കുടുബം പുലര്‍ത്തുവാന്‍ കഴിയാതെ പ്രതിസന്ധിയിലായവരുടെ പ്രതിനിധിയായാണ് കണ്ണന് പ്രതിഷേധമുയര്‍ത്തിയത്. മററ് വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി റോഡില്‍ ഇറങ്ങുവാന്‍ അനുവാദം കൊടുത്തപ്പോള്‍ ഓട്ടോറിക്ഷക്ക് അനുമതി ഇല്ലാത്തത് സാധാരണക്കാരേയും ഓട്ടോറിക്ഷ ഓടിച്ച് കുടുബം പുലര്‍ത്തുന്ന നിരവധി പേരെയുമാണ് പ്രതിസന്ധിയിലാക്കിയത്. ലോക് ഡൗണ്‍ കാലത്ത് നിബന്ധനകള്‍ പാലിച്ച് നടത്തിയ ഒറ്റയാള്‍ സമരത്തിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെ രാവിലെ കണ്ണനോട് കാഞ്ഞാര്‍ സ്റ്റേഷനില്‍ എത്തുവാന്‍ പോലീസ് ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കേസെടുക്കുകയായിരുന്നു. എസ് പി യുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തതെന്ന് കാഞ്ഞാര്‍ പോലീസ് പറഞ്ഞു. പ്രതികരിക്കുവാനുള്ള അവകാശത്തെ ലോക്ഡൗണിന്റെ മറവില്‍ തടയുന്നത് അടിയന്തരാവസ്ഥയിലെ കറുത്ത ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കടുത്ത നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്.
പ്രതിഷേധങ്ങള്‍ക്ക് നിരോധനം: എസ്പി
ദുരന്തനിവാരണ നിയമമനുസരിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. പ്രതിഷേധങ്ങളില്‍ നിന്ന് വ്യക്തികളും, സംഘടനകളും വിട്ട് നില്ക്കുന്നില്ലെങ്കില് നടപടി സ്വീകരിക്കുവാന്‍ പോലീസ് നിര്‍ബന്ധിതമാകുമെന്ന് ഇടുക്കി എസ് പി പി.കെ.മധു ജന്മഭൂമിയോട് പറഞ്ഞു.
നീക്കത്തില്‍ നിന്നും പിന്മാറണം: ബിജെപി
ലോക്ക് ഡൗണ്‍ നിബന്ധനകളുടെ മറവില്‍ ന്യായമായ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് നിര്‍വീര്യമാക്കുവാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു. മൂലമറ്റത്ത് ഒറ്റയാള്‍ സമരം നടത്തിയ കണ്ണനെതിരെ കേസെടുത്തത് അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്ന കിരാതമായ നടപടിയാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തെ തടസപ്പെടുത്തുന്ന നടപടിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ ഭാഗം: റോഷി അഗസ്റ്റ്യന്‍
ജനാധിപത്യ രീതിയില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നത് ജനാധിപത്യത്തിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്ന് റോഷി അഗസ്റ്റ്യന്‍ എംഎല്‍എ പറഞ്ഞു. കൊറോണ നിബന്ധനകള്‍ പാലിച്ച് നടത്തുന്ന സമരങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
ഫാസിസ്റ്റ് നടപടി: ബിഎംഎസ്
ഓട്ടോറിക്ഷ നിരത്തിലിറക്കുവാന്‍ വേണ്ടി ജാനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച മൂലമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ണനെതിരെ കേസെടുത്ത നടപടി ഫാസിസത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ബി. വര്‍ഗീസ് പറഞ്ഞു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ തൊഴിലാളികള്‍ ഒന്നടങ്കം പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യത്വരഹിതമായ നടപടി: എംപി
കൊറോണ നിബന്ധകള്‍ പാലിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തവര്‍ തങ്ങളുടെ പ്രയാസങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഇത്തരം സമരവുമായി രംഗത്ത് വരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ച് പോലീസ് കേസില്‍ പെടുത്തുന്നത് ജനാധിപത്യ രീതിയില്‍ ഭരണം നടത്തുന്ന സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇത്തരം നടപടികളില്‍ നിന്നും അധികാരികള്‍ പിന്മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: