കണ്ണൂര്‍: കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെയും കൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് ദുബായിയില്‍ നിന്നും ആദ്യ വിമാനം എത്തിച്ചേരുമ്പോള്‍ ഇവര്‍ക്കെല്ലാം ക്വാറന്റൈനടക്കമുളള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ആശങ്ക. ദുബായിയില്‍ നിന്ന് പ്രവാസികളെയും വഹിച്ചു കൊണ്ടുളള ആദ്യ വിമാനം 12നാണ് കണ്ണൂരിലെത്തുക. ആദ്യ ഘട്ടത്തില്‍ 15,000 പ്രവാസികളാണ് കണ്ണൂരിലെത്തുക. തിരിച്ചെത്തുന്ന ഇത്രയും പ്രവാസികളെ ക്വാറന്റിന് ചെയ്യാന്‍ ജില്ലയില്‍ ഇതുവരെ ഒരുങ്ങിയിരിക്കുന്നത് ആറായിരത്തോളം കിടക്കകള്‍ മാത്രമാണ്. ഇത് പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ജില്ലയെ കടുത്ത ആശങ്കയിലാക്കുകയാണ്.
കൂടാതെ കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചെത്താന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം മാത്രം 42109 ആണ്. കാസര്‍കോട് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5334 പേരും നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പകുതി പേരെങ്കിലും കണ്ണൂര്‍ വിമാനത്താവളം വഴി വരാനാണ് സാധ്യത. ഇവര്‍ കൂടിയെത്തുമ്പോള്‍ സ്ഥിതി എന്താകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.
കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഇവരെയെല്ലാം 28 ദിവസം ക്വാറന്റീനില്‍ താമസിപ്പിച്ച ശേഷം മാത്രമേ നാട്ടിലേക്ക് തിരിച്ചയക്കാന്‍ പറ്റൂ.പ്രവാസികളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ക്വാറന്റിന് സൗകര്യം ഇല്ലാത്തവരെയും സര്‍ക്കാര്‍ ഐസോലേഷനിലേക്ക് മാറ്റേണ്ടിവരും ഇതനുസരിച്ച് ആയിരക്കണക്കിനാളുകള്‍ക്ക് ഐസോലഷന്‍ സൗകര്യമേര്‍പ്പെടുത്തേണ്ടി വരും. കണ്ണൂരില്‍ ജില്ലയില്‍ ഇതിന്റെ പകുതി പോലും സൗകര്യങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
രോഗ ലക്ഷണം ഉള്ള മുഴുവന്‍ പേരെയും ആദ്യഘട്ടത്തില്‍ തന്നെ പരിശോധനയ്ക്കും വിധേയരാക്കുക ശ്രമകരമാകു. പരിശോധനാ കിറ്റിന് ക്ഷാമമുളളതായും സൂചനയുണ്ട്.ആദ്യഘട്ടത്തില്‍ കാല് ലക്ഷത്തോളം കാല പ്രവാസികള്‍ എത്തുമ്പോള്‍ ഇത്രയും പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുകയെന്നതും ജില്ലയ്ക്ക് വെല്ലുവിളിയാണ്. നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തില്ലെന്നാണ് ഇപ്പോള്‍ അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ക്വാറന്റിന് സൗകര്യമേര്‍പ്പെടുത്താന്‍ വിവിധ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാമെന്ന് വിവിധ സംഘടനകളും വ്യക്തികളും നല്കിയ വാഗ്ദ്ധാനങ്ങളിലാണ് നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കണ്ണൂരുകാരായ ആറു പ്രവാസികളെ ജില്ലയിലെത്തിച്ച് സുരക്ഷിതമായി ക്വാറന്റൈന് ചെയ്തു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടലില്‍ അവര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കി. 12നു കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം എത്തുന്ന 186 പേരെയും വിമാനത്താവളത്തിനു സമീപത്തെ പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം യാത്രക്കാരില്ലാതെ ബംഗളൂരുവില്‍ നിന്നും 12ന് രാവിലെ 11ന് പുറപ്പെടും യുഎഇ സമയം ഉച്ചയ്ക്ക് 1മണിക്ക് ദുബായില്‍ എത്തും. പ്രവാസികളുമായി 2മണിക്ക് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനു ശേഷം തുടര്‍ച്ചയായി കണ്ണൂര്‍ – ദുബൈ സര്‍വിസ് നടത്തുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന ജില്ലയില്‍ ഭൂരിഭാഗം രോഗികളും രോഗവിമുക്തരായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭയം വിട്ടു മാറി കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ അധികൃതരുടെ അനാസ്ഥ കാരണം മതിയായ സൗകര്യങ്ങളൊരുക്കാതെ പ്രവാസികള്‍ എത്തിച്ചേരുമ്പോള്‍ ജില്ലയിലെ ജനങ്ങള്‍ ചെറിയ തോതിലെങ്കിലും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: