ന്യൂദല്‍ഹി: സാമൂഹിക അകലം നിലനിര്‍ത്താനായി സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നിര്‍ദേശവുമായി സുപ്രീം കോടതി. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധവും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അശോക് ഭൂഷണ്, സഞ്ജയ് കൗള്‍, ബി.ആര്.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവധിച്ചത്. എന്നാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതെ വര്‍ധിച്ച തിരക്ക് ആശങ്കകള്‍ക്കിടയാക്കി. അതേസമയം കേരളമടക്കം ചില സംസ്ഥാനങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല. നിലവില്‍ പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: