ന്യൂദല്‍ഹി: കൊറോണഭീതിയെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മടക്കിയെത്തിക്കുന്നവരില് ഗര്‍ഭിണികള്‍ക്കും രോഗബാധിതര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ മാത്രം രണ്ട് ലക്ഷത്തോളം ആളുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന പ്രവാസി സമൂഹത്തിന്റെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി ഫേസ്ബുക്ക് ലൈവിലൂടെ നല്‍കുകയായിരുന്നു അദ്ദേഹം.
ഈ ആഴ്ച ഏറ്റവും കൂടുതല്‍ ആളുകള്‍ തിരിച്ചു വരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. അതിനാല്‍ യുഎഇ, സൗദി, കുവൈറ്റ്, ബെഹ്റിന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ഫിലിപ്പിന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് അധികം വൈകാതെ വിമാന സര്‍വീസുകള്‍ ആരംഭിക്കും.
കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ വിമാനത്താവളത്തില്‍ നിന്ന് അവര്‍ക്ക് പോകേണ്ട വിമാനത്താവളങ്ങള്‍ സൂചിപ്പിച്ച് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ആളുകളുടെ എണ്ണമനുസരിച്ച് ഒരു വിമാനത്തിന് ആവശ്യമായ ആളുകളുണ്ടെങ്കില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ബെഹ്റിനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് എത്തുക. ചില രാജ്യങ്ങളില്‍ നിന്ന് ഷെഡ്യൂള്‍ഡ് കോമേഴ്സ്യല്‍ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തവരുടെ ടിക്കറ്റുകള്‍ ക്യാന്‍സലായി. അത്തരത്തിലുള്ളവര്‍ വിദേശകാര്യ വകുപ്പും സിവില്‍ വ്യോമയാന വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്ന നോണ്‍ ഷെഡ്യൂള്‍ഡ് കോമേഷ്യല്‍ ഫ്ളൈറ്റുകളില്‍ ടിക്കറ്റ് ലഭിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം.
ഗര്‍ഭിണികള്‍ തങ്ങളെ പരിശോധിക്കുന്ന ഡോക്ടറില്‍ നിന്ന് സര്‍ട്ടിഫൈഡ് ടു ഫ്ളൈ എന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തും. പ്രായമായവര്‍, രോഗബാധിതര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശയ വിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സൗദിയിലെ എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും, വി. മുരളീധരന് അറിയിച്ചു.
ഇന്തോനേഷ്യ, ശ്രീലങ്ക, തുര്‍ക്കി, ജപ്പാന്, കാനഡ, നൈജീരിയ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതത് സ്ഥലത്തെ ഇന്ത്യന്‍ എംബസികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു വിമാനത്തിനുള്ള ആളുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് അവിടെ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കും. എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ പ്രവാസികളെയും തിരിച്ച് കൊണ്ടുവരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാലിദ്വീപില്‍ നിന്ന് ഈ ആഴ്്ച മൂന്ന് കപ്പലുകളില്‍ കൊച്ചിയിലേക്ക് ആളുകളെ കൊണ്ടുവരാനാണ് തീരുമാനം. ഒസിഎ ഉള്ളവര്‍ ഇപ്പോള്‍ തത്കാലം അതാതു രാജ്യങ്ങളില്‍ തന്നെ തുടരണം. ഇന്ത്യന്‍ പൗരന്മാര്, ഇന്ത്യന്‍ പാസ്പോര്ട്ടുള്ളവര് എന്നിവരെയാണ് ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: