ന്യൂദല്‍ഹി: കൊറോണയെ തുടര്‍ന്ന് ചൈനയിലെ പ്രവര്‍ത്തനം മതിയാക്കി മടങ്ങുന്ന ആയിരത്തിലേറെ യുഎസ് കമ്പനികളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് സൂചന. സകല സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഇവയെ ഇന്ത്യയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഔഷധ നിര്‍മാണ രംഗത്തെ ലോക ഭീമനായ ആബട്ട് ലാബറട്ടറീസ്, അടക്കമുള്ള കമ്പനികള്‍ ഇന്ത്യയുടെ പട്ടികയിലുണ്ട്.
കഴിഞ്ഞ മാസം തന്നെ ഇന്ത്യന്‍ നയതന്ത്രാലയങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഈ കമ്പനികളുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ വരാന്‍ സന്നദ്ധമാണ്. മെഡിക്കല്‍ ഉപകരണ നിര്‍മാണം, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, വസ്ത്ര നിര്‍മാണ സ്ഥാപനങ്ങള്‍, തുകലുല്പ്പാദന യൂണിറ്റുകള്‍, വാഹനങ്ങളുടെ സ്പെയര്പാട്ട് നിര്‍മാണം തുടങ്ങിയ കമ്പനികള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.
കൊറോണയുടെ പേരിലുണ്ടായ ചൈന-യുഎസ് തര്‍ക്കവും ആരോപണങ്ങളും കേസുകളുമാണ് യുഎസ് കമ്പനികളെ ചൈനയില്‍ നിന്ന് അകറ്റിയത്. ജപ്പാനും തങ്ങളുടെ കമ്പനികള്‍ ചൈനയില്‍ നിന്ന് മാറ്റുകയാണ്. ഇതിന് 220 കോടി ഡോളറാണ് അവര്‍ മാറ്റിവച്ചരിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യം പരമാവധി ഉപയോഗിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിക്ഷേപത്തിലുള്ള വലിയ വര്‍ധന ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും. 2022 ഓടെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 25 ശതമാനമാക്കാന്‍ ഇത് ഉപകരിക്കുമെന്നും ഇന്ത്യ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: