ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും ക്ഷേത്ര സ്വത്തുക്കള്‍ കയ്യടക്കുകയും ചെയ്യുന്ന പിതൃശൂന്യത ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണല്‍ മണ്‍റോയാണ് തുടങ്ങി വച്ചത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് രക്തം ഏറ്റുവാങ്ങിയ അവരുടെ സന്തതികള്‍ സ്വാഭാവികമായും മണ്‍റോയെ പിന്തുടരുന്നു. ഈ 2020 ലും അതിനു മാറ്റമൊന്നും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് മതേതര ആവശ്യത്തിന് വകമാറ്റുന്നത്. വായ്പയാണെങ്കിലും സഹായമാണെങ്കിലും വരുന്നവനും പോകുന്നവനും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ദേവസ്വം ഭരണം അധഃപതിച്ചു. ബ്രിട്ടീഷ് രക്തത്തില്‍ അഭിമാനിക്കുന്നവരാണല്ലോ ഇന്നത്തെ ഭരണകക്ഷിയായ കമ്യൂണിസ്റ്റുകള്‍. ഒളിവിലും ദാരിദ്ര്യത്തിലും നിരോധനത്തിലും കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ കാല് നക്കി നേടിയതാണ് പ്രവര്‍ത്തന സ്വാതന്ത്ര്യവും സമ്പത്തുമെല്ലാം. ആ ‘രക്തശുദ്ധി’ ഇപ്പോഴും അവര്‍ കാത്തുസൂക്ഷിക്കുന്നു.
മതങ്ങള്‍ മനുഷ്യനെ നശിപ്പിക്കുന്നതാണെന്നും മതങ്ങളെ നശിപ്പിച്ചാലേ വിപ്ലവം സാധ്യമാകൂ എന്നും പഠിപ്പിക്കുന്ന പാര്‍ട്ടിക്ക് ക്ഷേത്രങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാകും? പുറത്തുനിന്ന് നശിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉളളില്‍ കയറി തകര്‍ക്കണം. അത് എളുപ്പവുമാണ്. കാരണം നമ്മുടെ മതേതര ദേവസ്വം നിയമമനുസരിച്ച് ഹിന്ദു നാമധാരിയായാല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ആ നിലയ്ക്ക് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും എല്ലാം ഹിന്ദുവാണ്. ഇവര്‍ ദേവസ്വം ബോര്‍ഡിലൂടെ ക്ഷേത്രത്തെ നന്നാക്കുമോ നശിപ്പിക്കുമോ? ഉള്ളില്‍ കടന്ന് നശിപ്പിക്കുന്ന ഈ വിഷപ്രയോഗത്തിന് ഇല്വല – വാതാപി തന്ത്രം എന്നു പറയും.
ക്ഷേത്രങ്ങള്‍ മാത്രമല്ല ഹിന്ദു മത-ആദ്ധ്യാത്മിക സ്ഥാപനങ്ങളെയും വ്യക്തികളെയും മുഴുവന്‍ നശിപ്പിക്കാന്‍ തുടക്കം മുതല്‍ പാര്‍ട്ടി ശ്രമിച്ചിട്ടുണ്ട്. ആദ്യമാദ്യം അവര്‍ നേരിട്ടെതിര്‍ത്തു. ക്ഷേത്രങ്ങളേയും ആരാധനകളേയും അധിക്ഷേപിച്ചു. പൊതു സമ്മേളനങ്ങളില്‍ വച്ച് മനഃപൂര്‍വ്വം അവഹേളിച്ചു. അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ ഉത്സവങ്ങളിലും മറ്റും ക്ഷേത്ര വിരുദ്ധമായ വഷളത്തങ്ങള്‍ അരങ്ങേറ്റി. അതെല്ലാം അതിജീവിച്ച് ഹിന്ദു സമൂഹം മുന്നോട്ടു പോയപ്പോള്‍ ശാരീരികമായി ആക്രമിച്ചു തുടങ്ങി. സംന്യാസിമാരും ക്ഷേത്ര നടത്തിപ്പുകാരും ഒക്കെ പെരുവഴിയില്‍ ആക്രമണത്തിനിരയായി. പരസ്യമായി തെറി വിളിച്ചു. അപമാനിച്ചു. സംന്യാസി മഠങ്ങള്‍ ആക്രമിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും ഹിന്ദുമത-ആത്മീയ ഔന്നത്യത്തെ തകര്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ അധികാരമുപയോഗിച്ച് നശിപ്പിക്കാനായി അടുത്ത ശ്രമം. അതിന്റെ ഭാഗമായിരുന്നു വര്‍ക്കല ശിവഗിരി മഠം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. അവിടെ ചേരികള്‍ സൃഷ്ടിച്ചു. ജാതി പറഞ്ഞു. തീവ്രവാദികളെ കുടിയിരുത്തി. ആദ്ധ്യാത്മിക കേന്ദ്രത്തില്‍ ഭീകരവാദികള്‍ അഴിഞ്ഞാടി. നാശനഷ്ടങ്ങളും രക്തം ചൊരിച്ചിലും മഹാഗുരുവിന്റെ സമാധി സ്ഥലത്ത് നടത്തി. അതിന്റെ മുറിവ് ഇതുവരെയും ഉണങ്ങിയിട്ടില്ല.
മറ്റൊരു ശ്രമമായിരുന്നു 1997 ലെ’കേരള ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്മെന്റുകളും ബില്‍’. അതിലൂടെ ക്ഷേത്രങ്ങള്‍ മാത്രമല്ല ആശ്രമങ്ങള്‍, മഠങ്ങള്‍, ഭജനമഠങ്ങള്‍ തുടങ്ങി ഏത് ഹൈന്ദവ സ്ഥാപനങ്ങളേയും കൈപ്പിടിയിലൊതുക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്. തന്ത്രിയും പൂജാരിയും കഴകക്കാരനും വാദ്യക്കാരനും അടിച്ചുതളിക്കാരും ഒക്കെ മതേതര വിഡ്ഢിത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കണം. ദക്ഷിണയ്ക്കുള്ള വെറ്റില പാക്കിന്റെ കൂടെ എന്തു വയ്ക്കണം, എത്ര വയ്ക്കണം, അത് എവിടെ നിക്ഷേപിക്കണം എന്നതൊക്കെ ഭരണാധികാരികളായി വരുന്നവര്‍ തീരുമാനിക്കും. ഒരാള്‍ സംന്യാസിയാണോ, ആകണോ എന്നൊക്കെ ഏതെങ്കിലും ഏഴാംകിട സഖാവ് പറയും. ആകെ ആ ബില്ലില്‍ കണ്ട ഒരു മെച്ചം ഈ നിയമമനുസരിച്ച് തെരഞ്ഞെടുക്കുന്ന ദേവസ്വം ബോര്‍ഡില്‍ അംഗമാകുന്നതിന് അയോഗ്യതയായി പറഞ്ഞ ഒരു കാര്യമാണ്. ഈ ബില്ലിലെ 22-ാം വകുപ്പനുസരിച്ച് ബോര്ഡംഗമാകുന്നതിനുള്ള ഒരു അയോഗ്യത, അയാള്‍ ‘മനോരോഗിയാണെങ്കില്‍’ പറ്റില്ല എന്നതാണ്. മനോരോഗം ബാധിച്ചവരാണല്ലോ ദേവസ്വം ഭരണം തന്നെ പിടിച്ചെടുത്തത്. അപ്പോള്‍ ഒരു ബോര്‍ഡംഗം ഭ്രാന്തനല്ല എന്നതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാകുമോ?
ഈ ബില്ലിനെപ്പറ്റി ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പറഞ്ഞത്, ‘ഈ ബില്ല് സര്‍ക്കാര്‍ ബോധരഹിതമായ സമയത്ത് ഷണ്ഡന്മാര് അവതരിപ്പിച്ചതാണ്. ബില്ലിലൂടെ ഭാരതത്തിന്റെ മതനിരപേക്ഷത അപകടത്തിലാകും’ എന്നായിരുന്നു. ‘ഒരു ഇടതുപക്ഷ ഭരണകൂടം ഇപ്രകാരമുള്ള ഒരു നിയമം പരിഗണിച്ചതു തന്നെ ഇന്ത്യയില്‍ ജനാധിപത്യവും നിയമ ഭരണവും സുസ്ഥിരമല്ലെന്നു കാണിക്കുന്നു’ എന്നാണ് ജസ്റ്റിസ് ടി.ചന്ദ്രശേഖര മേനോന് പറഞ്ഞത്. യാത്രാക്കപ്പലിനെയോ ചരക്കുകപ്പലിനെയോ ‘പെട്ടെന്ന് ദൃഷ്ടിയില് പെടാതെ വെള്ളത്തിനടിയില്‍ കിടക്കുന്ന മൈനുകള്‍ ആകസ്മികമായി സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതു പോലെ ഈ വകുപ്പുകള്‍ എപ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല’ എന്നായിരുന്നു ജസ്റ്റിസ് കെ.സുകുമാരന്റെ പ്രതികരണം. ‘ഒരു മതത്തെയും സ്വന്തമാക്കുവാന്‍ സര്‍ക്കാരിന് ഭരണഘടന അനുവാദം നല്‍കുന്നില്ല’ എന്ന് ജസ്റ്റിസ് കെ.പി.രാധാകൃഷ്ണ മേനോന്. എന്നാല്‍ ഹിന്ദു മതത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ സ്വത്ത് സ്വന്തമാക്കാനും കൈയ്യിട്ടുവാരാനും എത്രയോ കാലമായി കേരള സര്‍ക്കാരുകള്‍, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഏതായാലും ആ ബില്ല് കൊണ്ടുവന്നവരെല്ലാം മനോരോഗികളും ഷണ്ഡന്മാരുമാണെന്നാണ് അവരുടെ തന്നെ കൂടെയുണ്ടായിരുന്ന വി.ആര്.കൃഷ്ണയ്യര്‍ പറഞ്ഞത് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണവര്‍ ക്രിസ്ത്യന്‍- മുസ്ലീം മതസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒരു നിലപാടും ഹിന്ദുക്കളുടെ കാര്യത്തില്‍ മറ്റൊരു നിലപാടും എടുക്കുന്നത്. ഈ സമീപനമാണ് കേരളത്തിലെ മതേതര സര്‍ക്കാരുകള്‍ ഹിന്ദുക്കളോടു കാണിച്ചിട്ടുള്ളത്. അതൊരുതരം ജനിതക പ്രശ്നമായതുകൊണ്ട് മാറാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് അമ്പതു കോടിയും മറ്റും ഒരു ജാള്യതയും ഇല്ലാതെ ദേവസ്വം ആവശ്യത്തിനല്ലാതെ എടുത്തുപയോഗിക്കുന്നത്. ആരോടു ചോദിക്കാന്‍, ആരെതിര്‍ക്കാന്‍ – ഒന്നുമില്ല. മറ്റു മത വിശ്വാസികളും അമ്പലത്തില്‍ കാണിക്ക ഇടുന്നുണ്ടെന്നാണ് ഒരു നേതാവു പറഞ്ഞത്. അങ്ങനെയെങ്കില്‍ പള്ളിയിലും മസ്ജിദിലും ഹിന്ദുക്കളും ഇടുന്നുണ്ടല്ലോ. അതെടുക്കുമോ?
എന്താണ് പരിഹാരം?
ഹോമവും പൂജയും വിലക്കുന്ന, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പാര്‍ട്ടി വിരുദ്ധമാണെന്നു പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റുകള്‍ ക്ഷേത്രങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും സംരക്ഷിക്കും എന്നു കരുതി അവരുടെ പിന്നാലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമുദായ നേതാക്കള്‍ സത്യം തിരിച്ചറിയണം. ഹിന്ദു സമൂഹം ഉണ്ടെങ്കിലേ ഈഴവനും പുലയനും നായരും ആശാരിയും നമ്പൂതിരിയും ഒക്കെ ഉണ്ടാവുകയുള്ളൂ. ആ തിരിച്ചറിവ് അണികള്‍ക്കുണ്ട്. നേതാക്കള്‍ക്കുണ്ടോ എന്നത് അനുഭവം കൊണ്ട് ബോധ്യപ്പെടേണ്ടതാണ്.
ദേവസ്വം ബോര്‍ഡ് എന്നു പറയുന്നത് സര്‍ക്കാര്‍ ഉണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ എന്നാല്‍ ഹിന്ദു വിരുദ്ധ, കപട മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍. അപ്പോള്‍ രാഷ്ട്രീയമായേ പരിഹരിക്കാനും പറ്റൂ. അവരില്‍ നിന്ന് സ്വന്തം സ്വത്ത് തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ ബോധം സമുദായ നേതാക്കള്‍ കാണിക്കുമോ? അതോ ഞങ്ങളാരും ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുമോ? ആദ്യത്തെ നിലപാടെടുത്താല്‍ എല്ലാ സമുദായങ്ങളും രക്ഷപെടും. രണ്ടാമത്തെ നിലപാടാണെങ്കില്‍ അണികള്‍ തെരുവുതെണ്ടികളാകും. നേതാക്കളുടെ ഇഷ്ടം ഏതാണെന്നു അവര്‍ തീരുമാനിക്കട്ടെ. അതനുസരിച്ചിരിക്കും കേരളത്തിലെ ഹിന്ദുക്കളുടെ ഭാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: