തൃശൂര്‍: ആറു ദിവസത്തെ ശമ്പളം പിടിച്ചതിന്റെ മറവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അലവന്‍സുകള്‍ വെട്ടിക്കുറിച്ചു. സേനയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധം. ലോക്ഡൗണ്‍ കാലത്ത് അതീവ ജാഗ്രതയോടെ പണിയെടുത്ത പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് അലവന്‍സുകള്‍ തട്ടിയെടുത്തതാണ് രൂക്ഷമായ എതിര്‍പ്പിനിടയാക്കിയത്.
മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വ്യത്യസ്തമായി നിരവധി അലവന്‍സുകളാണ് പോലീസിനുള്ളത്. ജോലിയുടെ സവിശേഷതയാണ് അടിസ്ഥാനം. ഡേ ഓഫ് അലവന്‍സ്, ഫീഡിങ് ചാര്‍ജ്, റേഷന്‍ മണി, സ്പെഷ്യല്‍ പോലീസ് അലവന്‍സ്, പെര്‍മനന്റ് ട്രാവലിങ് അലവന്‍സ്, റിസ്ക് അലവന്‍സ്, സ്മാര്‍ട്നെസ്സ് അലവന്‍സ്, ഇലക്ട്രിസിറ്റി & വാട്ടര്‍ അലവന്‍സ് എന്നിവയാണ് പ്രത്യേക അലവന്‍സുകള്‍. ശമ്പളത്തിന് പുറമേയുള്ളതാണിത്.
അവധിയില്ലാതെ തുടര്‍ച്ചയായി ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ് ഡേ ഓഫ് അലവന്‍സ.് ഇതടക്കമുള്ള അലവന്‍സുകള്‍ വെട്ടിക്കുറച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കിയപ്പോള് പോലീസ് ഉദ്യോഗസ്ഥരുടെ റേഷന്മണി വെട്ടിക്കുറച്ചു. ലോക്ഡൗണില്‍ പൊതുഗതാഗത സംവിധാനമില്ലാതിരുന്നതുമൂലം ദൂരസ്ഥലങ്ങളില്‍ ജോലിക്ക് സ്വന്തം വാഹനത്തില്‍ ഇന്ധനം നിറച്ചുപോകേണ്ടിവന്നതും ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി.
ലോക്ഡൗണ്‍ ഡ്യൂട്ടിയില്‍ വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന പോലീസുദ്യോഗസ്ഥരോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാത്തതിലും വ്യാപക എതിര്‍പ്പുണ്ട്. പോലീസുകാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ശമ്പളം പിടിക്കരുതെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് തള്ളി. മറ്റ് ജീവനക്കാര്‍ക്ക് ആറു ദിവസത്തെ ശമ്പളം മാത്രം നഷ്ടമായപ്പോള്‍ അധിക ജോലി ചെയ്ത പോലീസുകാര്‍ക്ക് ശമ്പളത്തിന് പുറമേ അലവന്‍സും നഷ്ടമായി. ആറു ദിവസത്തെ ശമ്പളം മാത്രം എടുക്കുമെന്നാണ് പറഞ്ഞതെങ്കിലും ഒരു മാസത്തെ അലവന്‍സാണ് റദ്ദാക്കിയത്. ലോണടവ്, വിവിധ ബാധ്യതകള്‍ എന്നിവയെല്ലാം താളം തെറ്റിയെന്നും പോലീസുകാര്‍ പരാതിപ്പെടുന്നു.
ആറു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചതിനു പുറമെ ശമ്പളത്തില്‍ നിന്നുള്ള വായ്പാ റിക്കവറികള്‍ ഒഴിവാക്കാതിരുന്നതും മൂലം നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് കൈയില്‍ കിട്ടിയത്. ഇതാണ് പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകാന്‍ കാരണം. ഭരണകക്ഷി അനുകൂല നിലപാടുള്ള പോലീസ് അസോസിയേഷന് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കാത്തതിലും പോലീസുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: