മുംബൈ: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ അമരാവതിയിലെ ബന്ധുവീട്ടില്‍ കുടുങ്ങിപോയ മകനെ തിരികെ എത്തിക്കാന്‍ ഭിന്നശേഷിക്കാരിയായ അമ്മ സ്കൂട്ടറില്‍ സഞ്ചരിച്ചത് 1,200 കിലോമീറ്റര്‍. സോനു ഖണ്ഡാരെ (37) എന്ന യുവതിയാണ് ഇത്രയും ദൂരം സഞ്ചരിച്ചത്.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പുനെയില്‍ നിന്ന് അമരാവതി വരെ ഏകദേശം 18 മണിക്കൂര്‍ ഇവര്‍ യാത്ര ചെയ്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് സോനു ഖണ്ഡാരെ. മാര്‍ച്ച് പതിനേഴിനാണ് അമരാവതി ജില്ലയില്‍ അന്‍ജന്‍ഗാവ് സുര്‍ജിയിലെ ബന്ധുവീട്ടിലേക്ക് മകന് പ്രതീക് പോയത്.
എന്നാല്‍, മാര്‍ച്ച് 22ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതീകിന് തിരിച്ച് വരാന്‍ സാധിച്ചില്ലെന്ന് സോനു പറയുന്നു. ഇതോടെയാണ് മകനെ തിരികെ കൊണ്ടുവരാന്‍ സോനു തന്റെ സ്കൂട്ടറില്‍ പുറപ്പെട്ടത്.
പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് 48 മണിക്കൂര്‍ യാത്ര ചെയ്യാനുള്ള പാസ് വാങ്ങിയ സോനു ഏപ്രില്‍ 24നാണ് പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും കരുതിയിരുന്നു. പലയിടങ്ങളിലും രാത്രി നല്ല ഇരുട്ടായിരുന്നതിനാല്‍ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ മാത്രമായിരുന്നു യാത്ര. വഴിയിലുടനീളമുള്ള ഓരോ ചെക്ക് പോസ്റ്റിലും പോലീസുകാര്‍ തന്നെ തടഞ്ഞതായി സോനു വ്യക്തമാക്കി. പെട്രോള്‍ പമ്പിന് സമീപം സിസിടിവി ക്യാമറകള്‍ കണ്ട് കുറച്ച് സമയം വിശ്രമിച്ചെന്നും എന്തു സംഭവിച്ചാലും സിസിടിവി സാക്ഷിയാകുമല്ലോ എന്ന വിശ്വാസത്തിലായിരുന്നു ഇത്തരമൊരു തീരുമാനമെന്നും സോനു ഖണ്ഡാരെ പറയുന്നു.
ബന്ധുവിന്റെ വീട്ടില്‍ 25-ാം തീയതി ഉച്ചകഴിഞ്ഞാണ് എത്തിയത്. കുറച്ച് നേരം അവരോടൊപ്പം ചെലവഴിച്ച് യാത്രാ പാസിന്റെ കാലാവധി തീരുന്നതിന് മുന്‍പ് സോനു മകനുമായി തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. 26ന് രാത്രി 11മണിയോടെ ഭോസ്രിയിലെ വീട്ടില്‍ ഇരുവരും എത്തുകയും ചെയ്തു.
പിറ്റേന്ന് രാവിലെ അമ്മയും മകനും ആശുപത്രിയിലെത്തി ഉപദേശം തേടി. 14 ദിവസം വീട്ടില്‍ തന്നെ ഇരുവരും ക്വാറന്റൈനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കൂടാതെ സോനു ഖണ്ഡാരെ ബെഡ് റസ്റ്റ് എടുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: