ന്യൂദല്‍ഹി: നിയമവ്യവസ്ഥിതിയുടെ സേവനം പണമുള്ളവര്‍ക്ക് മാത്രം വേഗത്തില്‍ ലഭിക്കുന്നുവെന്നും ഒട്ടകപക്ഷിയെ പോലെ തല താഴ്ത്തിയിരുന്ന് ജുഡീഷ്യറിയിലെ പ്രശ്നങ്ങള്‍ മറയ്ക്കാനാകില്ലെന്നും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റീസ് ദീപക് ഗുപ്ത. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴിയാണ് ജസ്റ്റീസ് ദീപക് ഗുപ്തയുടെ യാത്രയയപ്പ് ചടങ്ങ് നടന്നത്. കേസ് നീട്ടിക്കൊണ്ട് പോകാനും നിയമ നടപടികള്‍ നീട്ടിവയ്ക്കാനും പണമുള്ളവര്‍ക്ക് സാധിക്കും. ഇത് സാധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സാഹചര്യത്തിലും നിയമ വ്യവസ്ഥയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കരുതെന്നും പ്രശ്നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ജസ്റ്റീസ് ദീപക് ഗുപ്ത വ്യക്തമാക്കി.
ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകം ഭരണഘടനയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകള്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: