Categories: Ernakulam

പ്രായം ഒന്നിനും തടസ്സമല്ല, എന്നതിന് ഉത്തമ മാതൃക; ഇനി ടീച്ചറുടെ തിരുവാതിര കളി ഇന്ദ്ര സദസ്സില്‍…

റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 64 വര്‍ഷം മുമ്പ് 1956 ല്‍ ബോള്‍ഗാട്ടി പാലസില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുമ്പില്‍ ടീച്ചര്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട് 2012ല്‍ ലിംകാ വേള്‍ഡ് റിക്കോഡ് ലഭിച്ച ടീച്ചര്‍.

Published by

തിരുവാതിര മുത്തശ്ശി എന്നറിയപ്പെടുന്ന മാലതി ടീച്ചര്‍ കുമ്പളം ഹൈസ്‌കൂളില്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നോട് അന്നു മുതല്‍ പ്രത്യേക വാത്സല്യമായിരുന്നു. ടീച്ചറുടെ മുമ്പില്‍ ഞാന്‍ പഴയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായി മാറും. പ്രായം ഒന്നിനും തടസ്സമല്ല എന്നതിന് എന്റെ മുമ്പില്‍ നല്ലൊരു മാതൃകയായിരുന്നു ടീച്ചര്‍. 1993 ല്‍ പനമ്പിള്ളി നഗര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമായിരുന്നു ടീച്ചര്‍ അറിയപ്പെട്ടു തുടങ്ങിയത്. ഗവ. ഗേള്‍സില്‍ പഠിപ്പിക്കുന്ന സമയത്ത് സ്ഥിരമായി ആ വിദ്യാലയത്തിന് തിരുവാതിര കളിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ സമ്മാനം കിട്ടിത്തുടങ്ങിയ ശേഷമാണ് ടീച്ചര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

റിട്ടയര്‍ ചെയ്ത് രവിപുരത്ത് പാര്‍വ്വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര തുടങ്ങിയ ശേഷം ടീച്ചര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 64 വര്‍ഷം മുമ്പ് 1956 ല്‍ ബോള്‍ഗാട്ടി പാലസില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുമ്പില്‍ ടീച്ചര്‍ തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട് 2012ല്‍ ലിംകാ വേള്‍ഡ് റിക്കോഡ് ലഭിച്ച ടീച്ചര്‍. ആ വര്‍ഷം 3026 പേരെ വച്ച് നടത്തിയ തിരുവാതിരക്ക് ശേഷം, 2017ല്‍ 6552 പേരെ വച്ച് തിരുവാതിര കളി നടത്തി ഗിന്നസ് റിക്കോഡ് നേടി. പിന്നല്‍ തിരുവാതിര പ്രചരിപ്പിച്ച ടീച്ചര്‍ തിരുവാതിര കളി പുരുഷന്മാരെ പഠിപ്പിച്ച് അവരുടെ പിന്നല്‍ തിരുവാതിര അരങ്ങിലെത്തിച്ചു.പ്രായം തളര്‍ത്താത്ത ആവേശവുമായി ടീച്ചര്‍ നിരവധി മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

അഞ്ച്- ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടീച്ചറുടെ ഗുരുവായൂര്‍ നടന്ന കഥകളി അരങ്ങേറ്റത്തിന് ഞാന്‍ പോയിരുന്നു. തൃപ്പൂണിത്തുറ കൃഷ്ണ ദാസിന്റ കിഴില്‍ ഇടക്ക പഠിച്ചിരുന്ന ടീച്ചറുടെ ഇടക്കവാദനവും ഞാന്‍ കേട്ടിട്ടുണ്ട് .ടിച്ചറുടെ മറ്റൊരു മേഖലയായിരുന്നു കീബോര്‍ഡ്, കടവന്ത്ര വച്ച് ടീച്ചറുടെ ചെണ്ട അരങ്ങേറ്റത്തിന് എന്നെ ക്ഷണിച്ചിരുന്നെങ്കിലും പോകാന്‍ പറ്റിയില്ല. സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ,സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് .നാടന്‍ കലാ അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ടിച്ചര്‍ മഹേഷിന്റെ പ്രതികാരം, ഒപ്പം ,ജോമോന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  

ടീച്ചറെപ്പറ്റി ഒരു ഡോകുമെന്ററി ഇറങ്ങിയപ്പോള്‍ ഒരു കോപ്പി എനിക്കെത്തിച്ചു തരികയും തിരിച്ച് അഭിപ്രായം വിളിച്ച് പറയണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എണ്‍പത്തി നാലാം വയസ്സിലും ടീച്ചറുടെ ഊര്‍ജ്ജത്തിന് ഒരു കുറവും ഇല്ലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു രോഗബാധയെത്തുടര്‍ന്ന് സര്‍ജറിക്ക് വിധേയയായെങ്കിലും ടിച്ചര്‍ വീണ്ടും സജിവമായിരുന്നു. 

താന്‍ രോഗിയാണെന്ന് ആരും അറിയരുതെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മരിക്കുന്ന സമയം വരെ തിളങ്ങി നിന്ന് മരിക്കുക ഒരു ഭാഗ്യമാണ്. ഇനി ടീച്ചറുടെ തിരുവാതിര കളി ഇന്ദ്ര സദസ്സില്‍. പ്രായമായി ഇനി ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് ടി ച്ചറുടെ ജിവിതം 1960. 1963 കാലത്തെ ഒരു ശിഷ്യന്റെ പ്രണാമം… ( എം. ശശിശങ്കര്‍ ഫേസ് ബുക്കില്‍ എഴുതിയത് )

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക