ഇതരസംസ്ഥാനങ്ങളില്‍ പെട്ടവരെ കേരളത്തിലെത്തിക്കാനുള്ള പ്രയത്നത്തിന് വേഗം പോരെങ്കിലും നടപടി തുടങ്ങി. കേരളത്തില്‍ പെട്ടുപോയവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാനും കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ച് ശ്രമിച്ച് ക്രമീകരണങ്ങള്‍ വരുത്തി. അതും പൂര്‍ണമായിട്ടില്ല. കേന്ദ്രമായാലും സംസ്ഥാനമായാലും ശ്രമകരമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അത് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ എല്ലാം എന്റെ മിടുക്കുകൊണ്ട് എന്നവകാശപ്പെടുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത് ഒരു സംസ്ഥാനത്തിനും ചെയ്യാനാവില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത് അവര്‍ ചെയ്യുകയും വേണം. സംശയങ്ങളും തര്‍ക്കങ്ങളും വിപുലപ്പെടുത്തേണ്ട സമയമല്ലിത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ജീവന് മാത്രമല്ല ജീവിതവും വേണം. ഭീതിയിലാണ്ട ലോകത്ത് അകപ്പെട്ടവരെ കുടുംബത്തോടടുപ്പിക്കേണ്ടതുണ്ട്. അതിനാണ് പ്രവാസികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം.
ദുരന്തചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭം കുറിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനാണ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള ദൗത്യനിര്‍വഹണം. ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍ നിന്ന് 14,800 പേരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ മടക്കിയെത്തിക്കും. ഇതില്‍ 2,750 പേര് മലയാളികളാണ്. ആദ്യ ആഴ്ചയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 64 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതില്‍ 13 എണ്ണം കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികളെയുംകൊണ്ട് വിമാനം കണ്ണൂരിലിറങ്ങില്ലെന്ന് ആക്ഷേപിച്ചിരുന്നു. അത് തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു. പ്രവാസികളെ തിരികെ എത്തിക്കാന്‍ നാല് നാവികസേനാ യുദ്ധക്കപ്പലുകളും ഗള്‍ഫ് രാജ്യങ്ങളിലേക്കും മാലിദ്വീപിലേക്കുമാണ് പോകുന്നത്. പ്രവാസികളെ തിരികെ എത്തിക്കുന്ന ദൗത്യത്തിന് വന്ദേഭാരതമെന്നാണ് പേര്. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൗരന്മാരെ രക്ഷിക്കാനായി ആദ്യഘട്ടത്തില്‍ 1,92,000 പേരെയും രണ്ടാംഘട്ടത്തില്‍ രണ്ടര ലക്ഷം പേരെയും തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രം അലംഭാവം കാണിക്കുന്നുവെന്ന് കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതൃത്വം വിമര്‍ശനം ഉന്നയിച്ചിരുന്നു. അലംഭാവമല്ല ജാഗ്രതയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നതെന്നാണ് നടപടികള്‍ വ്യക്തമാക്കുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുംമുന്‍പ് നാട്ടിലേക്ക് തിരിച്ചെത്താന്‍ അഭ്യര്ഥിച്ചവരെയെല്ലാം പ്രത്യേക വിമാനത്തില്‍ ജന്മനാട്ടിലെത്തിക്കാന് കേന്ദ്രസര്‍ക്കാരിന് സാധിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന് ഏതെങ്കിലും ഒരു രാജ്യത്തുനിന്ന് ഏതെങ്കിലുമൊരു സംസ്ഥാനത്തെത്തുന്നവരുടെ കാര്യം നോക്കിയാല്‍ പോര. എല്ലാ പൗരന്മാര്ക്കും നീതിയും ന്യായവും ഉറപ്പാക്കണം. വാചകമടിക്കുന്നവര്ക്ക് അതൊന്നും നോക്കേണ്ടതില്ല. ഏറെ പ്രകോപിതരായി പ്രതികരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ പ്രവാസികള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും പരിശോധനാ ഒരുക്കങ്ങളും തുലോം പരിമിതമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സ്വന്തം കഴിവുകേടിനെ മറ്റുള്ളവരുടെ മേല്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുന്നത് ഈ പ്രതിസന്ധിഘട്ടത്തില്‍ ഒട്ടും നിരക്കുന്നതല്ല.
മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം ഏറെ പ്രവാസികള്‍ കേരളത്തില്‍ നിന്നുണ്ട്. രാജ്യത്തിന്റെ യശസുയര്ത്തുന്നതിലും സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിലും അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതുകൊണ്ടുതന്നെയാണ് പ്രവാസികളെ നാട്ടിലെത്തിക്കുമ്പോഴുള്ള ഏകോപനത്തിന് കേരളത്തിന് പ്രത്യേകമായി ഒരു ഗവ. സെക്രട്ടറിയെ നിശ്ചയിച്ചത്. പുറമെ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ പ്രത്യേക ശ്രദ്ധയും കേരളത്തിനുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റപ്പെടുത്തുന്നതും രാഷ്ട്രീയമല്ലെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ല. ഇരുമ്പ് പഴുക്കുമ്പോള്‍ പയ്യാരം പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ല. ഒത്തൊരുമിച്ച് നീങ്ങാം. നാട്ടിലെത്തുന്നതും വിദേശത്ത് തുടരുകയും ചെയ്യുന്നവരെയെല്ലാം ‘വന്ദേ പ്രവാസി’ സന്ദേശം നല്കി അഭിവാദ്യം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: