കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തുന്നവരുടെ ക്വാറന്റൈന് ഉറപ്പുവരുത്തുന്നതിന് പ്രാദേശിക സഹകരണം ഉണ്ടാവണമെന്ന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ- മത നേതാക്കളുടെയും യോഗം അഭ്യര്‍ഥിച്ചു.
ജില്ലയില്‍ തിരിച്ചെത്തുന്ന ഓരോ ആളും കൃത്യമായി ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവൂ. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് യോഗത്തില്‍ പറഞ്ഞു. ഇതിര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിവരികയാണെന്നും പ്രാദേശിക തലത്തില്‍ കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തുന്നതിനും താമസ സൗകര്യമൊരുക്കുന്നതിനും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതിനകം ഒരുക്കിയ സംവിധാനങ്ങളെ കുറിച്ച് യോഗത്തില്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പോലിസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, എ.എന്‍. ഷംസീര്‍, ടി.വി. രാജേഷ്, കെ.എം. ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍ ഹരിദാസ്(ബിജെപി), കെ. സജീവന്, ഒ. രാഗേഷ് (ആര്‍എസ്എസ്), എം.വി. ജയരാജന് (സിപിഎം), സതീശന് പാച്ചേനി (ഐഎന്‍സി), അബ്ദുല്‍ കരീം ചേലേരി (ഐയുഎംഎല്‍), അഡ്വ. പി. സന്തോഷ് കുമാര്‍ (സിപിഐ), പി.പി.ദിവാകരന് (ജനതാദള്‍ എസ്), തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: