മലപ്പുറം- കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി പട്ടിണിയെ മുഖാമുഖം കണ്ട സര്‍ക്കസ് കൂടാരത്തിലെ കലാകാരന്മാര്ക്കും പക്ഷി മൃഗാദികള്‍ക്കും ഒടുവില്‍ ആഹ്ലാദപ്പെരുമഴ പോലെ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യുസഫലിയുടെ സഹായമെത്തി. തിരൂര്‍ കോട്ടക്കലില്‍ ആരംഭിച്ച ജംബോ സര്‍ക്കസ് പ്രദര്‍ശനം കോവഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരി അവസാനം നിര്‍ത്തിവെച്ചതോടെ നൂറോളം വരുന്ന കലാകാരന്മാരും നടത്തിപ്പുകാരും നിരവധി പക്ഷികളും മൃഗങ്ങളും കടുത്ത ദുരിതത്തിലായിരുന്നു.സര്‍ക്കസ് സംഘത്തിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായ എം എ യൂസഫലി അബുദാബിയില്‍ നിന്ന് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ മാനേജര്‍മാരെ വിളിച്ച് അടിയന്തരമായി സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജിന്റെ നേതൃത്വത്തിലുള്ള ടീം കോട്ടക്കല്‍ പുത്തൂര്‍പാടത്തെ സര്‍ക്കസ് കൂടാരത്തിലെത്തി. സര്‍ക്കസ് സംഘത്തില്‍ പെട്ട 100 ഓളം പേര്‍ക്കും 40 ഓളം പക്ഷിമൃഗാദികള്‍ക്കും ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും ലോറിനിറയെ ലുലു ഗ്രൂപ്പ് എത്തിച്ചു. വിലപിടിപ്പുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
എത്യോപ്യ, താന്‍സാനിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടെ സംഘം നിറകണ്ണുകളോടെയാണ് എം.എ.യൂസഫലിയുടെ സഹായം ഏറ്റുവാങ്ങിയത്. വറുതിയുടെ ദിനങ്ങള്‍ അവസാനിച്ചതിന്റെ ആഹ്ലാദം സര്‍ക്കസ് കൂടാരത്തില്‍ നിറഞ്ഞു നിന്നു. എം എ യൂസഫലിക്കുള്ള കൃതജ്ഞത അറിയിച്ചാണ് ലുലു ഗ്രൂപ്പ് സംഘത്തെ സര്‍ക്കസ് സംഘാടകര്‍ യാത്രയാക്കിയത്. മൂന്ന് ലക്ഷം രൂപ ജീവനക്കാര്‍ക്ക് എന്‍.ബി.സ്വരാജ് കൈമാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: