തിരുവനന്തപുരം:ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍യ നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15ന് മുന്‍പ് ഒഴിയണമെന്ന് അവര്‍ക്കു നിര്‍ദേശം ലഭിച്ച്തായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ കേരളത്തില്‍ എത്തിക്കുന്നതിനു ശ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര് ഡല്‍ഹിയിലും 348 പേര് പഞ്ചാബിലും 89 പേര് ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്. ഡല്‍ഹിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
ഇത് സംബന്ധിച്ച് റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തീയതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. കേന്ദ്ര സര്‍ക്കാരുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വരുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തണം. ഇപ്പോള്‍ ഉള്ള സ്ഥലം ഹോട്ട്സ്പോട്ടാണെങ്കില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്ന ക്വാറന്റൈനില്‍ ഏഴു ദിവസം കഴിയണം. വിദേശത്തുനിന്നും മറ്റും സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്ക് വീടുകളില്‍ പോകാം. അവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.
ഇപ്പോള്‍ ഉള്ള സംസ്ഥാനത്തുനിന്ന് യാത്രാ അനുമതി ലഭ്യമായശേഷം (അല്ലെങ്കില്‍ ആവശ്യമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം) കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത്, ആ ജില്ലയിലേക്കുള്ള യാത്രാനുമതിക്കായി covid19jagratha.kerala.nic.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
നോര്‍ക്ക രജിസ്ട്രേഷന് നമ്പരോ മൊബൈല്‍ നമ്പരോ ഇതിനായി ഉപയോഗിക്കാം. വരുന്ന വാഹനത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കണം. പാസില്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കിയ തീയതിയില്‍ അതിര്‍ത്തിയില്‍ എത്തുന്നവിധത്തില്‍ യാത്ര ആരംഭിക്കാം. വരുന്ന ജില്ലയില്‍നിന്നും, എത്തിച്ചേരേണ്ട ജില്ലയില്‍നിന്നും പാസ് ഉണ്ടാകണം.
വിദേശങ്ങളില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നും ആളുകളെത്തുമ്പോള്‍ മാധ്യമങ്ങള്‍ കൃത്യമായ നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വരുന്നവരുടെ അഭിമുഖം എടുക്കാനും മറ്റുമായി പോകുന്നത് ഒഴിവാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാര്‍ത്താ ശേഖരണത്തിന് സുരക്ഷാനിബന്ധനകള്‍ പാലിക്കണം. ഇതില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: