കോട്ടയം: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗം ഭേദമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ ജില്ല വീണ്ടും കൊറോണ മുക്തമായി. ജില്ലയില്‍ ആദ്യഘട്ടത്തില്‍ മൂന്ന് പേരും രണ്ടാംഘട്ടത്തില്‍ 17 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.
ആദ്യഘട്ടത്തില്‍ എല്ലാവരുടെയും രോഗം ഭേദമായതിനെ തുടര്‍ന്ന് ജില്ല ഗ്രീൻ സോണിലായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതോടെ റെഡ് സോണിലായി. ഇന്നും കഴിഞ്ഞ ദിവസങ്ങളിലുമായി എല്ലാവരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതോടെ ജില്ലയ്‌ക്ക് ആശ്വാസമായി.
ചാന്നാനിക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിനി,വടയാര്‍ സ്വദേശിയായ വ്യാപാരി,തിരുവനന്തപുരത്ത് ആരോഗ്യ പ്രവര്‍ത്തകയായ പുന്നത്തുറ സ്വദേശിനി, ഇടുക്കിയില്‍ വച്ച് രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി,വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ എന്നിവരാണ് രോഗമുക്തി നേടിയത്. വൈറസ് ബാധിച്ച എല്ലാവരുടെയും രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞത് കോട്ടയം മെഡിക്കല്‍ കോളേജിനും അഭിമാനമായി.
കഴിഞ്ഞ മാര്‍ച്ചില്‍ റാന്നി സ്വദേശികളായ 92 ഉം 86 ഉം വയസ്സുള്ള ഹൈ റിസ്‌കില്‍പ്പെട്ട ദമ്പതികളുടെ രോഗം ചികിത്സിച്ച് ഭേദമാക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. ഇവരെ ചികിത്സിക്കുമ്പോള്‍ രോഗം ബാധിച്ച മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്സ് ഉള്‍പ്പെടെ അഞ്ച് പേരെയാണ് ആദ്യം ചികിത്സിച്ച് രോഗം ഭേദമാക്കിയത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കണ്ടറി കോണ്‍ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: