വാഷിങ്ടണ്‍: അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ വെറുമൊരു ചൈനീസ് കോളനി മാത്രമായി പാക്കിസ്ഥാന് അധഃപതിച്ചെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന് ഡോക്ടര്‍ മൈക്കിള്‍ റൂബിന്. ചൈനയ്ക്ക് പിന്നാലെ പോകുന്ന പാക്കിസ്ഥാനെ പരിഹസിച്ച റൂബിന് ചൈനയുടെ ആവശ്യങ്ങള്‍ നടന്നു കഴിഞ്ഞാല്‍ അവരുടെ തനിനിറം പാകിസ്ഥാന് മനസ്സിലാക്കുമെന്നും വ്യക്തമാക്കി.
ഒരു നയതന്ത്ര പങ്കാളിയും വിദേശ സുഹൃത്തുമായാണ് പാക്കിസ്ഥാന് ചൈനയെ കാണുന്നത്. എന്നാല്‍ ചൈനക്ക് പാകിസ്ഥാന് വെറുമൊരു കോളനി മാത്രമാണ്. അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഒരു വിപണിയും പടിഞ്ഞാറന്‍ ഏഷ്യയിലേക്ക് കരമാര്ഗ്ഗമ്മുള്ള ഒരു പാതയും ഗ്വദാര്‍ തുറമുഖത്തിന്റെ ആവശ്യത്തിനായുള്ള ഒരു കൈത്താങ്ങും മാത്രമാണ് ചൈനക്ക് പാകിസ്ഥാന്.
ഇന്ത്യയുമായി അമേരിക്ക വളര്‍ത്തിക്കൊണ്ടു വരുന്ന സൗഹൃദത്തിന് മറുപടിയായാണ് പാകിസ്ഥാന് ചൈനയെ കൂട്ടു പിടിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും തമ്മിലുള്ള വ്യത്യാസം പാകിസ്ഥാന് മനസ്സിലാകുന്നില്ലെന്നും റൂബിന് പരിഹസിക്കുന്നു.
ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും പഞ്ചാബിലും സിന്ധിലും ബലൂചിസ്ഥാനിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കതെ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിര്‍ദ്ദിഷ്ട ചൈന- പാകിസ്ഥാന് സാമ്പത്തിക ഇടനാഴി എത്രയും വേഗം പൂര്‍ത്തിയാക്കി കിഴക്കനേഷ്യയിലെ കച്ചവട സാമ്രാജ്യം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ചൈനക്ക് പാകിസ്ഥാനിലെ രോഗവ്യാപന സാദ്ധ്യത ഒരു പരിഗണനാ വിഷയമേ അല്ലെന്നും റൂബിന് ചൂണ്ടിക്കാട്ടുന്നു.
ചെകുത്താനുമായി പങ്ക് കച്ചവടം നടത്തിയാലുള്ള അനുഭവം എന്താണെന്ന് പാകിസ്ഥാന് തിരിച്ചറിയുമെന്ന് അന്താരാഷ്ട്ര മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റുബിന്‍ അഭിപ്രായപ്പെടുന്നു. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ചൈനയിലെ ക്യാമ്പുകളില്‍ കൊല്ലപ്പെടുകയും നരകയാതന അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നത്. മതത്തിന്റെ പേരില്‍ നടക്കുന്ന ഈ കൂട്ടക്കുരുതിക്ക് നിശബ്ദാനുവാദം കൊടുക്കുന്ന പാകിസ്ഥാന് നാളെ തങ്ങളുടെ പൗരന്മാരെ ചൈന കൊന്നാലും നിശബ്ദത പാലിക്കുമെന്നും അദ്ദേഹം പറയുന്നു. കൊവിഡ് വ്യാപനം തടയുന്നതില്‍ അമ്പേ പരാജയപ്പെട്ടു നില്ക്കുന്ന പാകിസ്ഥാന്റെ നിസ്സഹായാവസ്ഥ ശരിക്കും മുതലെടുക്കുകയാണ് ചൈന ചെയ്യുന്നത്. അവര്‍ക്ക് കച്ചവട താത്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും റൂബിന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: