തിരുവനന്തപുരം : നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ നീരിക്ഷണത്തില്‍ പാര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരില്‍ ആശക്കുഴപ്പം. തിരിച്ചെത്തുന്ന പ്രവാസികളെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. വൈകിട്ട് ചേരുന്ന അവലോകന യോഗത്തിന് ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കൂ.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ മുന്‍കരുതലിന്റെ ഭാഗമായി 14 ദിവസം സംസ്ഥാന സര്‍ക്കാരുകള്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ ഇവരെ പാര്‍പ്പിച്ച ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും. ഫലം നെഗറ്റീവാണെങ്കില്‍ ഇവരെ വീടുകളില്‍ പറഞ്ഞുവിടും. പോസീറ്റീവായവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം ഉള്ളതിനാല്‍ 14 ദിവസവും സംസ്ഥാന സര്‍ക്കാര്‍ തന്നെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണ്. ഏഴ് ദിവസത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയവര്‍ക്ക് അതിനുശേഷം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ്.
വ്യാഴാഴ്ച മുതലാണ് പ്രവാസികളുടെ മടക്കം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചി ഉള്‍പ്പടെ 13 നഗരങ്ങളിലേക്കാണ് പ്രവാസികളെ തിരികെ എത്തിക്കുന്നത്. യുഎസ്, യുകെ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിങ്ങനെ 12 രാജ്യങ്ങളില്‍ നിന്നായി 64 വിമാനങ്ങളിലായാണ് പ്രവാസികള്‍ എത്തുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല. ഇതിനായി സൈന്യത്തിന്റെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
അതേസമയം മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാന്‍ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്. രണ്ടുവിമാനങ്ങളിലുമായി 400 പേരെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: