ന്യൂദല്‍ഹി: കൊറോണ ഇളവുകളില്‍ പെടുത്തി മദ്യവില്‍പ്പന ശാലകള്‍ പലയിടത്തും തുറന്നതോടെ വരുമാനം കുത്തെന കൂടി. യുപിയില്‍ തിങ്കളാഴ്ച മാത്രം നൂറു കോടിയിലേറെ രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണ 80 കോടിയുടെ വില്‍പ്പനയാണ് നടക്കാറുള്ളത്. ലഖ്നൗവില്‍ മാത്രം തിങ്കളാഴ്ച പകല്‍ വിറ്റത് 6.3 കോടിയുടെ മദ്യമാണ്.
ദല്‍ഹി സര്‍ക്കാര്‍ മദ്യവിലയില്‍ 70 ശതമാനം പ്രത്യേക കൊറോണ ഫീസും ഈടാക്കിത്തുടങ്ങി. അതായത് ചെറുകിട വില 70 ശതമാനം കൂട്ടി. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിലായി. ആന്ധ്രയില്‍ മദ്യശാലകള്‍ തുറന്നതിനു പിന്നാലെ വില 50 ശതമാനം കൂട്ടി.
നികുതിയും എല്ലാം കൂടിയാകുമ്പോള്‍ വര്‍ധന 75 ശതമാനം. അതായത് നൂറു രൂപയുടെ കുപ്പിക്ക് ഇന്നു മുതല്‍ 175 രൂപയോളം വരും. മിക്ക സംസ്ഥാനങ്ങളുടെയും വരുമാനത്തിന്റെ വലിയൊരു ഭാഗം മദ്യത്തില്‍ നിന്നാണ്. അതിനാല്‍ പ്രതിസന്ധി ഘട്ടത്തില്‍ വരുമാനം കൂട്ടാനുള്ള സുപ്രധാന വഴിയായിട്ടാണ് ഇപ്പോള്‍ മദ്യത്തെ കാണുന്നത്. മിക്ക സംസ്ഥാനങ്ങളും ദല്‍ഹിയുടെയും ആന്ധ്രയുടെയും പാത സ്വീകരിച്ച് മദ്യ വില കൂട്ടിയേക്കും.
അതേസയം രോഗവ്യാപനം കണക്കിലെടുത്ത് മദ്യ വില്‍പ്പന തടയണമെന്ന് ആന്ധ്രയിലെ ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവര്‍ സര്‍ക്കാരിന് കത്തുമയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: