ശ്രീനഗര്‍: ഹന്ദ്വാരയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പിന്നാലെ സേന തുടങ്ങിയ തിരിച്ചടി ശക്തമായി തുടരുന്നു. ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഹിസ്ബുള്‍ ഉല്‍ മുജാഹീദ്ദിന്റെ ടോപ് കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ ഇന്ത്യന്‍ സേന വധിച്ചു. തലയ്‌ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ആണ് ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത്. റിയാസിന്റെ പിന്‍ബലത്തിലായിരുന്നു അവന്തിപ്പോരയില്‍ ചില പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളും വിഘടനവാദികളും ഇന്ത്യക്കെതിരേ യുദ്ധം നടത്തിപ്പോരുന്നത്. റിയാസിന്റെ അന്ത്യം ഈ തീവ്രവാദ സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും ഘട്ടംഘട്ടമായി സൈന്യം തീവ്രവാദികള്‍ക്കെതിരേ നീക്കം ശക്തമാക്കുകയാണ്. കശ്മീര്‍ താഴ് വരയില്‍ ഏറ്റവും വലിയ തീവ്രവാദിയാണ് കൊല്ലപ്പെട്ട റിയാസ് നായികൂ എന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കി.
അവന്തിപ്പോരയിലെ ഷര്‍ഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക സംഘത്തെ കണ്ട് തീവ്രവാദികള്‍ വെടിവയ്‌ച്ചെങ്കിലും അതിശക്തമായി സേന തിരിച്ചടിക്കുകയായിരുന്നു. റിയാസ് നായികൂവിനെ കൂടാതെ മറ്റു ചില ഭീകരരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സേന അതു സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പൊലീസും സൈന്യവും സംയുക്തമായാണ് ഭീകര്‍ക്കായി തെരച്ചില്‍ നടത്തിയത്. കൂടുതല്‍ ഭീകരര്‍ കണ്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: