ന്യൂദല്‍ഹി: ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് നാളെ തുടക്കം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി ആഴ്ചകള്‍ നീളുന്ന ദൗത്യമാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. ആദ്യ ആഴ്ചയില്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി 14,800 പേരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ മടക്കിയെത്തിക്കും. ഇതില്‍ 2,750 പേര് മലയാളികളാണ്.
ആദ്യ ആഴ്ചയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 63 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതില്‍ 13 എണ്ണം കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാണ്. നാളെ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നും കൊച്ചിയിലും ദുബായ്യില് നിന്നും ദോഹയില്‍ നിന്നും കോഴിക്കോട്ടുമാണ് മലയാളികളെ എത്തിക്കുക.
പ്രവാസികളെ തിരികെ എത്തിക്കാന്‍ നാല് നാവികസേനാ യുദ്ധക്കപ്പലുകളും അറബിക്കടലിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
എന്നാല്‍ വിമാനങ്ങള്‍ സജ്ജീകരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍ ചിലര്‍ യാത്രയ്ക്ക് ഇപ്പോള്‍ സജ്ജരല്ലെന്ന് എംബസികളെ അറിയിച്ചത് താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നാളെ സര്‍വീസ് നടത്തേണ്ട ദുബായ്-കോഴിക്കോട് വിമാനത്തിന് പോകാനായി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ വിളിച്ചപ്പോള്‍ വളരെക്കുറച്ച് പേര് മാത്രമേ യാത്രയ്ക്ക് തയാറായിട്ടുള്ളൂ എന്ന വിചിത്ര മറുപടിയാണ് എംബസിക്ക് ലഭിച്ചത്. ഇരുനൂറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ ഇന്ത്യ വിമാനമാണ് ദുബായ്യിലേക്ക് ക്രമീകരിച്ചിരിക്കുന്നത്.
1990ലെ ഗള്‍ഫ് യുദ്ധകാലത്ത് 1,70,000 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ രക്ഷാദൗത്യം. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൗരന്മാരെ രക്ഷിക്കാനായി ആദ്യഘട്ടത്തില്‍ 1,92,000 പേരെയും രണ്ടാംഘട്ടത്തില്‍ രണ്ടര ലക്ഷം പേരെയും തിരിച്ചെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: